കോഴിക്കോട്ട് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരിച്ച സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമ്പിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്നുണ്ട്. പ്രതിരോധപ്രവർത്തനവും ജാഗ്രതയും പ്രധാനമാണ്. ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ആഗസ്റ്റ് 30നാണ് ആദ്യത്തെയാളും സെപ്റ്റംബർ 11ന് രാത്രി രണ്ടാമത്തെയാളും മരിച്ചു. മരിച്ചവരുടെ നാലു ബന്ധുക്കളാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. ആദ്യം മരിച്ചയാൾക്ക് ലിവർ സിറോസിസ് ആണെന്നായിരുന്നു കരുതിയിരുന്നത്. ഇതിനാലാണ് അസ്വാഭാവിക പനി മരണത്തിന്‍റെ സംശയങ്ങൾ വരാതിരുന്നത്. ബന്ധുക്കൾക്ക് കൂടി പനി ബാധിച്ചതോടെയാണ് അസ്വാഭാവികത തോന്നിയത്. മരിച്ചയാളുടെ ഒമ്പതുകാരനായ മകൻ വെന്‍റിലേറ്ററിലാണ് ചികിത്സയിലുള്ളത്. 10 മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾ കൂടി ചികിത്സയിലുണ്ട്.
ഫലം ഇന്ന് വൈകീട്ടോടെ
നിപ പരിശോധനക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.