തൽക്കാലം പുതിയ ഡി.ജി.പിയില്ല; എ.ഡി.ജി.പിമാർ കാത്തിരിക്കണം
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ഡിസംബറിലുണ്ടായ ഡി.ജി.പിയുടെ ഒഴിവിലേക്ക് നിലവിലെ എ.ഡി.ജി.പിമാരെ സർക്കാർ പരിഗണിക്കില്ല. ഡിസംബർ 31ന് സർവിസിൽനിന്ന് വിരമിക്കുന്ന സഞ്ജീവ്കുമാര്‍ പട്ജോഷിക്ക് പകരം ബി.എസ്.എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ മടക്കിയ, കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ നിതിന്‍ അഗര്‍വാളിന് ഡി.ജി.പി തസ്തികയില്‍ സ്ഥിരംനിയമനം നല്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
നിലവിൽ കേന്ദ്രം അംഗീകരിച്ച നാല് ഡി.ജി.പി തസ്തികകളിലും ആളുള്ളതിനാൽ താൽക്കാലിക ഡി.ജി.പി തസ്തികയുണ്ടാക്കിയാണ് നിതിൻ അഗവർവാളിന് റോഡ് സുരക്ഷ കമീഷണറുടെ ചുമതല നൽകിയത്. ഇദ്ദേഹത്തിന് സ്ഥിരംപദവി നൽകുന്നതോടെ എ.ഡി.ജി.പിമാരായ മനോജ് എബ്രഹാമിനും എം.ആർ. അജിത്കുമാറിനും ഡി.ജി.പി കസേരക്കായി ഇനിയും കാത്തിരിക്കേണ്ടിവരും.
ജമ്മുവിലെ നുഴഞ്ഞുകയറ്റം വൻ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ബി.എസ്.എഫ് മേധാവി സ്ഥാനത്തുനിന്ന് നിതിൻ അഗര്‍വാളിനെ നീക്കി കേന്ദ്രത്തിന്റെ അസാധാരണ നീക്കമുണ്ടായത്. കേരളത്തിലുള്ള നാല് ഡി.ജി.പിമാരേക്കാളും സീനിയറായ നിധിൻ അഗർവാൾ തിരികെയെത്തിയത് ആഭ്യന്തരവകുപ്പിന് തലവേദനയായിരുന്നു. ഒടുവിൽ അഞ്ചാമത് താൽക്കാലിക ഡി.ജി.പി തസ്തികയുണ്ടാക്കി നിയമിക്കുകയായിരുന്നു.
ഏപ്രിലില്‍ പത്മകുമാര്‍ വിരമിക്കുമ്പോള്‍ 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രാഹാം ഡി.ജി.പി പദവിയിലെത്തും. ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിന്റെ കാലാവധി കഴിയുമ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങുന്ന സുരേഷ്രാജ് പുരോഹിതിന് ഡി.ജി.പി പദവി ലഭിക്കും.
സുരേഷ്രാജ് പുരോഹിത് എസ്.പി.ജി ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് രണ്ട് മാസത്തിനകം കേരള കേഡറിലേക്ക് മടങ്ങിയെത്തുമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
2026ല്‍ നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോഴാണ് ഡി.ജി.പി പദവിയില്‍ സംസ്ഥാനത്ത് അടുത്ത ഒഴിവുവരിക. കേസുകളൊന്നുമില്ലെങ്കില്‍ എം.ആര്. അജിത്കുമാറിനെ പരിഗണിക്കും. അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത്കുമാറിനെതിരെ കേസെടുക്കാതെയുള്ള വിജിലൻസ് അന്വേഷണമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.