പുതിയ പാർട്ടിയില്ല; ദേവഗൗഡയോട് യോജിപ്പില്ലാത്തവരെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം -മാത്യു ടി. തോമസ്
text_fieldsകൊച്ചി: കർണാടകയിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് തീരുമാനിച്ച എച്ച്.ഡി. ദേവഗൗഡയുടെ നിലപാടിനോട് യോജിക്കാത്തവരെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെ.ഡി.എസ് കേരളഘടകം നേതാവും മുൻ മന്ത്രിയുമായ മാത്യു ടി. തോമസ്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുമായി കൂട്ടുകൂടിയതോടെ ദേവഗൗഡ പാർട്ടി പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഗൗഡ ലംഘിച്ചിരിക്കുകയാണ്. പാർട്ടി പ്രമേയം ലംഘിച്ചതോടെ ഗൗഡ പ്രസിഡന്റ് സ്ഥാനത്തിന് അയോഗ്യനായെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. മറ്റുസംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്തു.
ബി.ജെ.പിയെ പിന്തുണക്കാനുള്ള ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ ജെ.ഡി.എസ് കേരള ഘടകം നിർണായക യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാത്യു ടി. തോമസ്.
ജെ.ഡി.എസ് കേരളഘടകം കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കർണാടകയിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് ദേശീയ അധ്യക്ഷൻ ദേവഗൗഡ തീരുമാനമെടുത്തപ്പോൾ തന്നെ അദ്ദേഹവുമായുള്ള ബന്ധം വേർപെടുത്തിയതാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ലെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിൽ നിന്ന് സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. കർണാടകയിൽ പ്രശ്നം വഷളാക്കിയത് കോൺഗ്രസാണ്. ദേവഗൗഡയുടെ ബി.ജെ.പി സഖ്യത്തോട് എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ കേരള നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. കർണാടകയിൽ തന്നെ സി.എം. ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ തന്നെ ഗൗഡ വിരുദ്ധ ചേരിയുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.