നിപയുടെ ഉറവിടം അവ്യക്തം; റംബൂട്ടാൻ പഴങ്ങളുടെ ഫലവും നെഗറ്റീവ്
text_fieldsകോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മുന്നൂരിൽ വായോളി അബൂബക്കറിെൻറ മകൻ മുഹമ്മദ് ഹാഷിം (12) നിപ സ്ഥിരീകരിച്ച് മരിച്ച സംഭവത്തിൽ വൈറസിെൻറ ഉറവിടം ഇനിയും കണ്ടെത്താനായില്ല. ഏറ്റവുമൊടുവിൽ, കുട്ടിയുടെ വീട്ടുപറമ്പിൽനിന്ന് ശേഖരിച്ച അടക്കയും തറവാട്ടുപറമ്പിലെ മരത്തിൽനിന്ന് ശേഖരിച്ച റമ്പുട്ടാൻ പഴങ്ങളുടെയും സാമ്പ്ൾ പരിശോധന ഫലവും നെഗറ്റിവായി. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധന നടത്തിയത്.
കുട്ടിയുടെ വീട്ടിൽ വളർത്തുന്നവയടക്കം ഒരു കിലോമീറ്റർ പരിധിയിലെ 23 ആടുകളുടെയും, പരിസരത്തുനിന്ന് പിടികൂടിയ കാട്ടുപന്നിയുടെയും രക്ത-സ്രവ സാമ്പ്ൾ പരിശോധിച്ചതിെൻറ ഫലങ്ങളും നെഗറ്റിവായിരുന്നു. സമീപ പ്രദേശങ്ങളിൽ ചത്ത നിലയിലും അവശനിലയിലും കണ്ടെത്തിയ വവ്വാലുകളുടെ സാമ്പ്ളും പരിശോധനക്കയച്ചെങ്കിലും നെഗറ്റിവായി.
സമീപ പ്രദേശത്തെ വാസകേന്ദ്രങ്ങളിൽനിന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലവിരിച്ച് പിടികൂടിയ വവ്വാലുകളുടെ സാമ്പ്ൾ പരിശോധന ഫലമാണ് ഇനി വരാനുള്ളത്. ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ഞായറാഴ്ച മുതൽ തൊട്ടടുത്ത പ്രദേശമായ കൊടിയത്തൂർ, ചേന്ദമംഗലൂർ ഭാഗങ്ങളിൽനിന്ന് 20ഓളം പഴംതീനി വവ്വാലുകളെയും പ്രാണികളെ ഭക്ഷിക്കുന്ന 40 ചെറിയ വവ്വാലുകളെയും പിടികൂടിയിരുന്നു. താമരശ്ശേരി, ചാത്തമംഗലം ഭാഗങ്ങളിൽനിന്നും വവ്വാലുകളെ പിടിച്ചിട്ടുണ്ട്.
ആദ്യ അഞ്ചുദിവസങ്ങളിലെ വവ്വാലുകളുടെ സാമ്പ്ൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ശേഷിക്കുന്നവയുടേത് അടുത്ത ദിവസം പരിശോധനക്ക് അയക്കും. ആദ്യ ഫലം അടുത്ത ആഴ്ച ലഭിക്കുമെന്നാണ് വിവരം. സെപ്റ്റംബർ അഞ്ചിനു പുലർച്ചെയാണ് നിപ സ്ഥിരീകരിച്ച മുഹമ്മദ് ഹാഷിം മരണത്തിന് കീഴടങ്ങുന്നത്. സമ്പർക്കമുള്ള ഹൈറിസ്ക് വിഭാഗത്തിൽപെട്ടവരുടേതടക്കം ഇതുവരെ വന്ന പരിശോധനഫലങ്ങൾ നെഗറ്റിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.