തൃക്കാക്കര നഗരസഭയിൽ എൽ.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല; ക്വാറം തികയാത്തതാണ് കാരണം
text_fieldsതൃക്കാക്കര: നഗരസഭയിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കാതിരുന്നത്. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്.
അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. അതിനാലാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
രാവിലെ നഗരസഭയിൽ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18ാം വാർഡ് കൗൺസിലർ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് രോഗബാധയുള്ള കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ചാണ് മറ്റ് അംഗങ്ങൾക്കൊപ്പം കൗൺസിൽ യോഗത്തിനെത്തിയത്.
ഓണക്കോടിക്കൊപ്പം അനധികൃതമായി പണം വിതരണം ചെയ്ത അജിത തങ്കപ്പനെതിരായ പ്രതിപക്ഷ ആരോപണമാണ് തൃക്കാക്കര നഗരസഭയിൽ വിവാദത്തിലും അവിശ്വാസ പ്രമേയത്തിലും കലാശിച്ചത്. ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് 10,000 രൂപ വീതം അനധികൃതമായി കൗൺസിലർമാർക്ക് നൽകി എന്നാരോപിച്ചാണ് എൽ.ഡി.എഫ് രംഗത്തെത്തിയത്.
കൂടാതെ, നഗരസഭയിൽ പ്രതിപക്ഷമായ എൽ.ഡി.എഫിലെ 17 കൗൺസിലർമാരും സ്വതന്ത്ര്യ കൗൺസിലറായ പി.സി. മനൂപും സംയുക്തമായി അജിത തങ്കപ്പനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തു. അഴിമതിയിലൂടെ ലഭിച്ച പണമാണിെതന്നാണ് എൽ.ഡി.എഫിന്റെ വാദം.
43 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് കൗൺസിലർമാരാണ് നഗരസഭയിൽ ലീഗിനുള്ളത്. അഞ്ച് സ്വതന്ത്രരിൽ നാലുപേരുടെ പിന്തുണയിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഒരു സ്വതന്ത്രന്‍റെ പിന്തുണ എൽ.ഡിഎഫിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.