ഡി.എക്കും ടി.എക്കും പിന്നാലെ പൊലീസുകാർക്ക് ഓണം അലവൻസുമില്ല
text_fieldsതിരുവനന്തപുരം: ക്ഷാമബത്തക്കും ശബരിമല ഡ്യൂട്ടിയുടെ യാത്രബത്തക്കും പിന്നാലെ പൊലീസുകാർക്ക് ഓണം അലവൻസുമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് ഓണദിവസം ജോലി ചെയ്ത പൊലീസുകാർക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുവദിച്ച പ്രത്യേക ആനുകൂല്യം ആഭ്യന്തര വകുപ്പ് തള്ളിയത്.
കഴിഞ്ഞ ഓണത്തിന് ഡ്യൂട്ടിയെടുത്ത അരലക്ഷത്തോളം പൊലീസുകാർക്ക് ലഭിക്കേണ്ട തുകയാണ് നിഷേധിച്ചത്. തീർഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും ജോലിചെയ്തവരുടെ യാത്രാബത്ത പൂർണമായും നൽകിയിട്ടില്ല. അടിസ്ഥാന ശമ്പളത്തിന്റെ 17 ശതമാനം ക്ഷാമബത്ത കിട്ടാനിരിക്കെയാണ് ഈ വെട്ടൽ.
ഓണം അലവൻസിന് ഫെബ്രുവരിയിൽ പൊലീസ് മേധാവി സർക്കാറിന് നൽകിയ ശിപാർശയാണ് ജൂൺ 23ന് ആഭ്യന്തരവകുപ്പ് തള്ളിയത്. ഓണാവധി നാളുകളിൽ തുടർച്ചയായി രണ്ടുദിവസമോ അല്ലെങ്കിൽ ഓണാഘോഷ സമയത്ത് തുടർച്ചയായി 12 മണിക്കൂറിൽ കൂടുതലോ ജോലി ചെയ്തവരുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യം പരിശോധിക്കാമെന്നാണ് സർക്കാർ നിലപാട്.
ഓണത്തിന്റെ മൂന്നു ദിവസങ്ങളിൽ തുടർച്ചയായി ഏതെങ്കിലും രണ്ട് ദിവസമോ തിരുവോണ ദിവസം സർക്കാർ ഓണാഘോഷ പരിപാടികൾക്ക് 12 മണിക്കൂറിൽ അധികം സ്പെഷൽ ഡ്യൂട്ടിയോ ചെയ്തവർക്കു മാത്രം 500 രൂപ പ്രത്യേക അലവൻസ് പരിശോധിക്കാമെന്നാണ് വകുപ്പ് പറയുന്നത്. ഇങ്ങനെ ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ എണ്ണം, സാമ്പത്തിക ബാധ്യത എന്നീ വിവരങ്ങൾ ലഭ്യമാക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
ഓണക്കാലത്ത് വിശ്രമമില്ലാതെയും കുടുംബത്തോടൊപ്പമുള്ള ആഘോഷം നഷ്ടപ്പെടുത്തിയുമാണ് ഡ്യൂട്ടി ചെയ്യുന്നതെന്നും അതിനുള്ള നാമമാത്ര തുകയും വെട്ടിക്കുറച്ചത് ശരിയായില്ലെന്നും പൊലീസുകാർ പറയുന്നു. പൊലീസ് സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 2011ൽ ഉമ്മൻ ചാണ്ടി സർക്കാറാണ് ആനുകൂല്യം നൽകിത്തുടങ്ങിയത്. ഈ ഉത്തരവ് ഒരു വർഷത്തേക്ക് മാത്രമായിരുന്നെന്നും എല്ലാ വർഷവും പൊലീസ് മേധാവി അപേക്ഷ നൽകേണ്ട സാഹചര്യമാണെന്നും പൊലീസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
സംഘടന ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ഓണം ഡ്യൂട്ടി അലവൻസ് പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞതായും അവർ അറിയിച്ചു. ശബരിമല ഡ്യൂട്ടിക്ക് 5000 രൂപയാണ് ഒരാൾക്ക് ടി.എ. ഇതിന് ദേവസ്വം ബോർഡ് കൈമാറിയ തുക സർക്കാർ വകമാറ്റി ചെലവഴിച്ചതാണ് മുടങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.