ഒന്നാം ക്ലാസിൽ ആരുമില്ലാതെ നന്നുവക്കാട് ഗവ. വെൽഫെയർ എൽ.പി
text_fieldsപത്തനംതിട്ട: ഒന്നാം ക്ലാസിൽ കുട്ടികളൊന്നുമില്ലാതെ പത്തനംതിട്ട നഗരത്തിലൊരു സർക്കാർ സ്കൂൾ. നന്നുവക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിലാണ് ഒന്നാം ക്ലാസിൽ ഇതുവരെ ആരും പ്രവേശനം നേടാത്തത്. ഒരാളെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് പ്രധാനാധ്യാപിക. കഴിഞ്ഞ വർഷം ഒന്നിൽ ഒരു കുട്ടി എത്തിയിരുന്നു.
മൊത്തം ഏഴു കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. രണ്ടാം ക്ലാസിൽ ഒരു കുട്ടിയും മൂന്നാം ക്ലാസിൽ മൂന്നും നാലിൽ മൂന്ന് കുട്ടികളുമാണ് പഠിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെയാണ് ഇൗ സ്കൂളിെൻറയും ശനിദശ ആരംഭിച്ചത്. 70 വർഷം മുമ്പ് കേരള ചേരമർ സംഘമാണ് സ്കൂളിനു തുടക്കമിട്ടത്. പിന്നീട് സർക്കാർ ഏറ്റെടുത്തു. വിവിധ ഡിവിഷനുകളിലായി ധാരാളം കുട്ടികൾ അന്ന് പഠിച്ചിരുന്നു. ക്രമേണ കുട്ടികൾ കുറഞ്ഞു. ഭേദപ്പെട്ട കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യം എല്ലാമുണ്ട്. കമ്പ്യൂട്ടർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന പ്രധാനാധ്യാപിക ഷീലാകുമാരി ബുധനാഴ്ച വിരമിച്ചതിനെ തുടർന്ന് ഏനാത്ത് സ്വദേശി ഷേർലി ജോർജ് വ്യാഴാഴ്ച ചുമതലയേറ്റു. പ്രധാനാധ്യാപികയെ കൂടാതെ ഒരു പ്യൂൺ മാത്രമാണ് ഇപ്പോഴുള്ളത്. മൂന്ന് അധ്യാപകരുടെ ഒഴിവും നിലനിൽക്കുന്നു. കഴിഞ്ഞ മാർച്ചുവരെ മൂന്ന് അധ്യാപകരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ തന്നെ അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവിടെ പഠിക്കുന്ന കുട്ടികളെപ്പോലും ഇൗ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തിട്ടില്ല.
സമീപങ്ങളിലായി നിരവധി ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പ്രവർത്തിക്കുന്നത് സ്കൂളിനു ഭീഷണിയാണ്. അടച്ചുപൂട്ടലിൽനിന്ന് സ്കൂളിനെ രക്ഷപ്പെടുത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ സർവകക്ഷി യോഗം വിളിക്കുമെന്ന് വാർഡ് കൗൺസിലർ കെ. ജാസിംകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.