പരിപാടികളിൽ പങ്കെടുക്കാൻ ആർക്കും വിലക്കില്ലെന്ന് ചെന്നിത്തല
text_fieldsകോഴിക്കോട്: എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ അവസരങ്ങളുണ്ടെന്നും ശശി തരൂരിന് കൂടുതൽ പരിപാടികൾ ലഭിക്കുന്നതിൽ ആർക്കും പ്രതിഷേധമില്ലെന്നും രമേശ് ചെന്നിത്തല. ഇതെല്ലാം താൽക്കാലിക പ്രശ്നങ്ങൾ മാത്രമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളും പരിപാടികൾക്ക് പോകുന്നുണ്ട്. അതെല്ലാം വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ആകണമെന്ന് മാത്രമേ ഉള്ളൂ. അതിൽ ആർക്കും വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസിൽ ഇന്ന് അഭിപ്രായ വ്യത്യാസത്തിന് സ്ഥാനമില്ല. വേണ്ടത് പരിപൂർണമായ ഐക്യമാണ്. എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, തരൂരിന്‍റെ കേരള പര്യടനത്തെ ചുറ്റിപ്പറ്റി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതി ചേർന്ന് പരോക്ഷമായ അതൃപ്തി രേഖപ്പെടുത്തുന്ന വിലയിരുത്തൽ നടത്തിയിരുന്നു. ശശി തരൂർ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിലും പാർട്ടിക്ക് വിധേയനായുംനിന്ന് പ്രവർത്തിക്കണമെന്ന് കെ.പി.സി.സി അച്ചടക്കസമിതി വിലയിരുത്തിയത്.
എന്നാൽ, ശശി തരൂരിന്‍റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചത്. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എ.ഐ.സി.സി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഇത് കെ.പി.സി.സിക്ക് പരിഹരിക്കാനാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.