കെ.സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ട; പിന്തുണയുമായി കണ്ണൂർ ഡി.സി.സി
text_fieldsകണ്ണൂർ: വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ ഒറ്റപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി. കണ്ണൂരിൽ കെ. സുധാകരൻ നടത്തിയ ആർ.എസ്.എസ് അനുകൂല പ്രസ്താവനകൾക്കെതിരെ പാർട്ടിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽനിന്ന് പാർട്ടിയുടെ പിന്തുണ. വർഗീയ, രാഷ്ട്രീയ ഫാഷിസത്തെ എക്കാലവും എതിർത്ത, ശക്തമായ നിലപാട് സ്വീകരിക്കുന്ന സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന വെളിപ്പെടുത്തൽ വിവാദം അവസാനിക്കും മുമ്പാണ് വർഗീയ ഫാഷിസത്തോട് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്ധി ചെയ്തുവെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ കെ. സുധാകരൻ പ്രസംഗിച്ചത്.
എന്നാൽ, നവോത്ഥാന സദസ്സിൽ സുധാകരന്റെ പ്രസംഗം ആർ.എസ്.എസിനെ വെള്ളപൂശിയുള്ളതായിരുന്നില്ലെന്ന് മാർട്ടിൻ ജോർജ് അവകാശപ്പെട്ടു. വർഗീയ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് ആർ.എസ്.എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ എതിരാളികൾക്കുപോലും ഇടം നൽകി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റു തയാറായെന്ന ചരിത്ര സത്യം തുറന്നുപറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനം ചെയ്ത് സുധാകരനുമേൽ സംഘ്പരിവാർ ചാപ്പ കുത്താൻ ശ്രമിക്കുന്നത് ബോധപൂർവമാണ്. കോൺഗ്രസ് നേതൃത്വത്തെ അവമതിക്കാനും അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് സി.പി.എമ്മും സംഘ്പരിവാറും ശ്രമിക്കുന്നത്. കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പിണറായി സർക്കാർ നേരിടുന്ന അഴിമതിയും ബന്ധുനിയമനവും സ്വജനപക്ഷപാതവും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും മാർട്ടിൻ ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.