വിവാദം ‘കട്ട്’ പറഞ്ഞു; ‘ആക്ഷൻ’ നിലച്ച് മലയാള സിനിമ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും ചില താരങ്ങൾക്കെതിരായ വെളിപ്പെടുത്തലും ഉയർത്തിവിട്ട വിവാദങ്ങളിൽ വഴിമുട്ടി മലയാള സിനിമ. ഇതോടെ പുതിയ സിനിമകളുടെ നിർമാണവും ഓണക്കാല ചിത്രങ്ങളുടെ റിലീസിങ്ങും അനിശ്ചിതത്വത്തിലായി. സിനിമക്ക് പണം മുടക്കാമെന്നേറ്റ പലരും പിന്മാറുന്നതായി നിർമാതാക്കളും പറയുന്നു. റിലീസ് ചെയ്ത ചിത്രങ്ങൾ തിയറ്ററിൽ കാണാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്.
വിവാദം പ്രേക്ഷകരെ താൽക്കാലികമായെങ്കിലും തിയറ്ററുകളിൽനിന്ന് അകറ്റിയെന്നാണ് വിലയിരുത്തൽ. ഇതിനകം റിലീസായ ചിത്രങ്ങൾക്ക് ഒരാഴ്ചയായി തിയറ്ററുകളിൽ വളരെ തണുത്ത പ്രതികരണമാണ്. ഓണക്കാല റിലീസ് ലക്ഷ്യമിട്ട് ഏതാനും ചിത്രങ്ങൾ പൂർത്തിയാക്കിയിരുന്നു. ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, ആന്റണി പെപ്പേയുടെ ‘കൊണ്ടല്’, ആസിഫ് അലിയുടെ ‘കിഷ്കിന്ധാകാണ്ഡം’, റഹ്മാൻ നായകനായ ‘ബാഡ് ബോയ്സ്’ എന്നിവയാണ് പ്രധാനം.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ തിയറ്ററിൽ ആളെത്തുമോ എന്ന ആശങ്ക അണിയറ പ്രവർത്തകർക്കുണ്ട്. അതിനാൽ ഇവയുടെ റിലീസ് നീട്ടാനും സാധ്യതയുണ്ട്. പണം മുടക്കാമെന്നേറ്റ പലരും പിന്മാറുന്ന സാഹചര്യമാണ്. കരാർ ഒപ്പുവെക്കുന്ന ഘട്ടം വരെയെത്തിയ സിനിമയിൽനിന്ന് അവസാനനിമിഷം ഫൈനാൻസർ പിന്മാറിയതായി ഒരു മുതിർന്ന നിർമാതാവ് പറഞ്ഞു. പ്രതിച്ഛായ നഷ്ടപ്പെട്ട് നിൽക്കുന്ന മലയാള സിനിമയിൽ തൽക്കാലം പണം മുടക്കാൻ താൽപര്യമില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഇത് ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ച പല സിനിമകളെയും ബാധിക്കും. സാമ്പത്തിക നഷ്ടം ഭയന്ന് പുതിയ സിനിമകൾ എടുക്കാൻ വിതരണക്കാരും പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകളും മടിക്കുകയാണ്.
ഇതിനിടെ, വിവാദത്തിലകപ്പെട്ട താരങ്ങളെ വെച്ച് തുടങ്ങിയ പല സിനിമകളുടെയും ഭാവിയും അനിശ്ചിതത്വത്തിലായി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാള സിനിമയെ മൊത്തത്തിൽ പൊളിച്ചടുക്കി എന്നാണ് ഒരു നിർമാതാവ് അഭിപ്രായപ്പെട്ടത്. അന്തരീക്ഷം കലങ്ങിത്തെളിയുന്നതുവരെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന നിർദേശം ഫിലിം ചേംബറിന് മുന്നിൽ വെക്കാൻ ഒരുങ്ങുകയാണ് ചില നിർമാതാക്കൾ.
അമിത പ്രതിഫലം കുറക്കാൻ താരങ്ങളെ പ്രേരിപ്പിക്കുന്ന സമ്മർദ തന്ത്രമെന്ന നിലയിലും ചിലർ ഇതിനെ കാണുന്നുണ്ട്. നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സെപ്റ്റംബർ ആദ്യവാരം നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുകയാണ് ഫിലിം ചേംബർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.