ആരുടെയും സംവരണം കുറയരുത് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഒരു വിഭാഗത്തിെൻറയും നിലവിലെ സംവരണ തോതിൽ കുറവ് വരരുതെന്ന നിലപാടാണ് സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇതിെൻറ പേരിൽ ആശങ്ക പടർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹിക സംഘടനാ നേതാക്കളുമായി സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമീഷൻ പഠനം നടത്തുന്നുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കും. അറബിക് ഉൾപ്പെടെ എല്ലാ ഭാഷകളെയും പ്രോത്സഹിപ്പിക്കുന്ന നിലപാടാണ് സർക്കാറിനുള്ളത്. നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി മികച്ച ഇടപെടൽ നടത്തിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരശോഷണം നേരിടുന്നതിന് വലിയ പദ്ധതി നടപ്പാക്കാൻ ലോകബാങ്കുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാന മൂല്യസംരക്ഷണ സമിതി ഓർഗനൈസിങ് സെക്രട്ടറി പി. രാമഭദ്രൻ സ്വാഗതം പറഞ്ഞു. ഓർത്തഡോക്സ് സഭ ആർച് ബിഷപ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സമിതി വൈസ് പ്രസിഡൻറ് അഡ്വ. സി.കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി അഡ്വ. വി.ആർ. ദേവദാസ്, എസ്.എൻ.ഡി.പി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി. കെ. സജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.