ശമ്പള പരിഷ്കരണമില്ല; കടുത്ത പ്രതിഷേധത്തിൽ ക്ഷേത്ര ജീവനക്കാർ
text_fieldsപയ്യന്നൂർ: സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന് തീരുമാനമാവുമ്പോൾ പരിഷ്കരണ സ്വപ്നം തകർന്ന് മലബാറിലെ ക്ഷേത്ര ജീവനക്കാർ. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണ തീരുമാനത്തിലാണ് സർക്കാർ അലംഭാവം കാണിക്കുന്നത്.
2019 മുതൽ നടന്ന നിയമസഭാസമ്മേളനങ്ങളിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുെന്നങ്കിലും ഉണ്ടായില്ല. ഇതു സംബന്ധിച്ച് പ്രാരംഭ നടപടികൾ തുടങ്ങിയിരുെന്നങ്കിലും കഴിഞ്ഞ പ്രളയ ദുരന്തം കാരണം തുടർനടപടി നിലച്ചു. കോവിഡ്-19 കൂടി വന്നതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. ഇതാടെ ദുരിതക്കയത്തിലാണ് ക്ഷേത്ര ജീവനക്കാർ.
2008 ഒക്ടോബർ ഒന്നിനാണ് കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾ ഉൾപ്പെടുത്തി കോഴിക്കോട് ആസ്ഥാനമായി ബോർഡ് രൂപവത്കരിച്ചത്. രൂപവത്കരിക്കുമ്പോൾ 1340 ക്ഷേത്രങ്ങളിലായി 5000ത്തിലധികം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 1600 ലധികം ക്ഷേത്രങ്ങളും 6000ത്തിലധികം ജീവനക്കാരുമുണ്ട്.
ബോർഡ് രൂപവത്കരിക്കുമ്പോൾ ഉണ്ടാക്കിയ ശമ്പളസ്കെയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതുപ്രകാരം ഡിഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ലർക്ക്, ശാന്തി എന്നിവരുടെ അടിസ്ഥാന ശമ്പളം 2200, കഴക ജീവനക്കാരുടേത് 2050 എന്നിങ്ങനെയാണ്. ഇതിൽ മാറ്റം വരുത്തണമെന്ന ആവശ്യമാണ് അവഗണിക്കുന്നത്.1991ൽ ഉണ്ടായ ഹൈകോടതി വിധി പ്രകാരമാണ് 2007ലെ ഇടതു സർക്കാർ ബോർഡ് രൂപവത്കരിച്ച് ഉത്തരവായത്. എന്നാൽ, കോടതി നിർദേശിച്ച തുല്യ ജോലിക്ക് തുല്യവേതനം ഉൾപ്പെടെ നിർദേശങ്ങൾ ഇപ്പോഴും നടപ്പായില്ല.
ബോര്‍ഡ് രൂപവത്കരണം മാത്രമാണ് ഹൈകോടതിയുടെ 13 ഇന നിര്‍ദേശങ്ങളില്‍ നടപ്പായതെന്ന് ജീവനക്കാർ പറയുന്നു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ സേവന-വേതന വ്യവസ്ഥ നടപ്പാക്കുക. ആറു മാസംകൊണ്ട് കോമണ്‍ സ്കീം ഏര്‍പ്പെടുത്തുക തുടങ്ങിയവ മാറിമാറി വന്ന സർക്കാറുകൾ അവഗണിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 90 മുതല്‍ ഏഴ് കമീഷനുകളെയാണ് സർക്കാർ നിയമിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച കമീഷനുകള്‍ കാര്യത്തിെൻറ ഗൗരവം ഉള്‍ക്കൊണ്ട് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് സമര്‍പ്പിെച്ചങ്കിലും ഒന്നും വെളിച്ചം കണ്ടില്ല.
അടച്ചിടൽ തുടങ്ങിയതോടെ ഏറെ പരിതാപകരമാണ് ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും സ്ഥിതി. നടവരവു വന്നതോടെ ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളം പോലും ഇല്ലാതായി. ഭക്തന്മാരുടെ വരവ് ഇല്ലാതായതോടെ വഴിപാട് വിഹിതവും ദക്ഷിണയും ഇല്ലാതായി. ശമ്പളത്തിന് മാനേജ്മെൻറ് ഫണ്ട് കാത്തിരിക്കണം ഒരു വർഷമായി ശമ്പളം ലഭിക്കാത്ത നിരവധി ജീവനക്കാർ ഉണ്ട്. പരിഷ്കരണമില്ലെങ്കിലും കിട്ടുന്ന തുക മാസാമാസം ലഭിക്കാൻ നടപടി വേണമെന്ന ആവശ്യം കൂടി അവഗണിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.