തെരഞ്ഞെടുപ്പിൽ പ്രവർത്തനത്തിന് അനുസരിച്ച് നേട്ടമില്ല –സി.പി.ഐ
text_fieldsതിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലാണ് ഈ വിമർശനം.
'സി.പി.ഐക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 15,29,235 വോട്ടും 17 സീറ്റുകളും ലഭിച്ചെങ്കിലും വോട്ട് ശതമാനത്തിലും സീറ്റുകളിലുമുണ്ടായ കുറവ് അവഗണിക്കാവുന്നതല്ല.
തെരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റ് പാർട്ടിക്കും ബഹുജന പ്രസ്ഥാനങ്ങൾക്കും ഈ കാലയളവിൽ ഉണ്ടായ വളർച്ചയെയും പ്രവർത്തനരംഗത്ത് പ്രകടമായ ഊർജസ്വലതയെയും പ്രതിഫലിപ്പിക്കുന്നില്ലെ'ന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രസക്ത ഭാഗങ്ങൾ:
'പുതുതായി എൽ.ഡി.എഫിൽ ചേർന്ന കേരള കോൺഗ്രസിന് മുൻ തെരഞ്ഞെടുപ്പിലെ 3.99ൽനിന്ന് 0.71 ശതമാനം വോട്ടുകൾ കുറഞ്ഞു. 12 സീറ്റുകളിൽ മത്സരിച്ച അവർക്ക് അഞ്ച് സീറ്റുകളിൽ വിജയിക്കാനായി. സ്വതന്ത്രരുൾപ്പെടെ 25 സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് 17 സീറ്റുകളിൽ വിജയിക്കാനായെങ്കിലും അതു കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ രണ്ട് സീറ്റുകളുടെ കുറവാണ്.
സി.പി.ഐക്ക് 8.15 ശതമാനം വോട്ടാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് 6.08 ശതമാനം വോട്ടാണ് ലഭിച്ചത്. തുടർഭരണം ലഭിക്കുന്നതിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾ സ്തുത്യർഹവും നിർണായകവുമായ പങ്ക് വഹിച്ചു. സി.പി.ഐക്ക് ഏറ്റവും കൂടുതല്‍ അംഗസംഖ്യ കൊല്ലത്താണ് (34998), രണ്ടാമത് തിരുവനന്തപുരമാണ് (23686). മൂന്നാമതുള്ള തൃശൂരിൽ 19829 അംഗങ്ങളുണ്ട്. ആലപ്പുഴയിൽ 19842 അംഗങ്ങളുണ്ട്.
ഏറ്റവും കുറവ് അംഗങ്ങളുള്ളത് വയനാട്ടിലാണ്. 2623 പേരുമുണ്ട്.കോൺഗ്രസിനെയും റിപ്പോർട്ട് വിമർശിക്കുന്നു. കോൺഗ്രസ് പ്രതിപക്ഷത്തെ യോജിപ്പിക്കാനോ ഏകോപിപ്പിക്കാനോ കഴിയാത്ത വിധം ദുർബലവും ആശയശൂന്യവും ആയിരിക്കുന്നു. സംഘടനാപരവും രാഷ്ട്രീയവുമായും കടുത്ത ആശയക്കുഴപ്പത്തിലാണ് ആ പാർട്ടി.
ലോക്സഭയിൽ മുഖ്യപ്രതിപക്ഷത്തിന്‍റെ പങ്ക് വഹിക്കുന്ന കോൺഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലാണ്. ഡൽഹിയിൽ കോൺഗ്രസ് ശൂന്യത നികത്തുകയും ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന ആം ആദ്മി പാർട്ടി പഞ്ചാബിലെ വിജയം ദേശീയതലത്തിൽ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
പ്രത്യയശാസ്ത്ര ഭാണ്ഡക്കെട്ടുകൾ ഏതുമില്ലാത്ത ഈ മധ്യമാർഗ പാർട്ടിയുടെ വളർച്ച പഠന വിധേയമാക്കേണ്ടതുണ്ട്. ഇടതുപക്ഷം പതിറ്റാണ്ടുകളോളം ആധിപത്യം നിലനിർത്തിയിരുന്ന പശ്ചിമ ബംഗാൾ, ത്രിപുര സർക്കാറുകളുടെ പതനവും ഇടതുപക്ഷം അവിടങ്ങളിൽ അപ്രസക്തവുമായ രാഷ്ട്രീയ പ്രതിഭാസം യാഥാർഥ്യബോധത്തോടെ സത്യസന്ധമായി ഇനിയും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.