പദ്ധതികളില്ല; നാളികേര കർഷകരുടെ കോടികൾ തിരിച്ചുപിടിച്ച് കേന്ദ്രം
text_fieldsകൊച്ചി: നാളികേര കർഷകർക്കായി പദ്ധതി സമർപ്പിക്കുന്നതിലും വിനിയോഗത്തിലും കൃഷി വകുപ്പിന് സംഭവിച്ച വീഴ്ചമൂലം കേരളത്തിന് നഷ്ടമായത് കോടികളുടെ കേന്ദ്ര ഫണ്ട്. കർഷകർക്ക് ലഭ്യമാകുമായിരുന്ന 8.02 കോടി രൂപ ഇക്കാരണത്താൽ കേരളത്തിന് തിരിച്ചടക്കേണ്ടിവന്നു. 2017-18 മുതൽ 2021-22 വരെ അനുവദിച്ച തുക ശരിയായി വിനിയോഗിക്കാത്തതുകൊണ്ടാണ് ഇത്രയും തിരിച്ചടക്കേണ്ടിവന്നത്.
തെങ്ങ് പുനരുദ്ധാരണ പദ്ധതിക്കും പ്രദർശനത്തോട്ടം ഒരുക്കാനുമായാണ് കേന്ദ്ര നാളികേര വികസന ബോർഡിന്റെ പ്രധാന സഹായം. എന്നാൽ, വിലയിടിവും രോഗവും മറ്റും കാരണം പ്രതിസന്ധി നേരിടുന്ന കേരകർഷകർക്കായി ബോർഡ് സ്വമേധയാ അനുവദിക്കുന്ന തുക പോലും കേരളം ശരിയായി വിനിയോഗിക്കാത്തതാണ് പ്രശ്നമായത്. പദ്ധതി തയാറാക്കി സമർപ്പിച്ച് പണം വാങ്ങിയാൽ അത് നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണം.
ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ കൃഷിവകുപ്പ് ഉന്നതർ കാണിക്കുന്ന ഉദാസീനതയാണ് നാമമാത്ര ഫണ്ടിനപ്പുറം തുക നാളികേര കൃഷി വികസനത്തിന് ലഭിക്കാതെ പോകാൻ കാരണം. അഞ്ചുവർഷത്തിനിടെ ഒരിക്കൽ മാത്രമാണ് പദ്ധതി തയാറാക്കി തുക ആവശ്യപ്പെട്ടത്. ഇക്കാരണത്താൽ മറ്റു വർഷങ്ങളിലെല്ലാം നാമമാത്ര തുക മാത്രം അനുവദിക്കുകയായിരുന്നു. 2024-25ലേക്ക് പദ്ധതികൾ സമർപ്പിക്കാൻ ഡിസംബറിൽ ലഭിച്ച അറിയിപ്പിന് കഴിഞ്ഞ ദിവസമാണ് മറുപടി നൽകിയത്.
മാർച്ച് 31നുമുമ്പ് നൽകേണ്ടതായിരുന്നു. തെങ്ങ് പുനരുദ്ധാരണ പദ്ധതി, നാളികേര നഴ്സറി, ജൈവവളം യൂനിറ്റ് എന്നിവക്കടക്കം 36.05 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. 2023-24 ലെ പദ്ധതികൾ സമർപ്പിക്കാൻ നാളികേര ബോർഡ് അമ്പതിലേറെ കത്തുകളയച്ചെങ്കിലും സംസ്ഥാനം ഗൗനിച്ചില്ല.
ഫണ്ട് വാങ്ങാൻ മറ്റു സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴാണിത്. കർണാടകത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 17 കോടിയാണ്. അധിക തുകയായി 240 കോടി ആവശ്യപ്പെട്ടപ്പോൾ 50 കോടി വീണ്ടും നൽകി. 12 കോടി അധികമായി ചോദിച്ച തമിഴ്നാടിന് ആറു കോടിയും അഞ്ച് കോടി ആവശ്യപ്പെട്ട ആന്ധ്രക്ക് മുഴുവൻ തുകയും നൽകി.
ഇക്കാലയളവിൽ കേരളത്തിന് പദ്ധതി നൽകാത്തതിനാൽ 2.88 കോടി മാത്രമാണ് അനുവദിച്ചത്. 2017-18 മുതൽ 2021-22 വരെ തമിഴ്നാട് 76.22 കോടിയും കർണാടക 74.07 കോടിയും ആന്ധ്ര 70.47 കോടിയും കരസ്ഥമാക്കിയപ്പോൾ നാളികേരത്തിന്റെ നാടായ കേരളം നേടിയത് 39.14 കോടി. ഇതിൽ ചെലവഴിച്ചതാകട്ടെ 30.41 കോടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.