തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വലിയ തോതിൽ ഉയരുന്ന സാഹചര്യമാണെങ്കിലും നിയന്ത്രണം വേണ്ടെന്ന നിലപാടിൽ കെ.എസ്.ഇ.ബി. മാർച്ച് ആദ്യവാരം മുതൽ തുടങ്ങിയ വൈദ്യുതി ഉപയോഗത്തിലെ വർധന ഏപ്രിൽ ആരംഭിച്ചതോടെ വീണ്ടും കൂടി. ബുധനാഴ്ചയിലെ പ്രതിദിന വൈദ്യുതി ഉപയോഗം 107.7674 ദശലക്ഷം യൂനിറ്റായിരുന്നു. പീക്ക് സമയ ഉപയോഗമാകട്ടെ, 5359 മെഗാവാട്ടും. ഇത് രണ്ടും സർവകാല റെക്കോഡാണ്.
കഴിഞ്ഞദിവസം ഉപയോഗിച്ച 107.7674 ദശലക്ഷം യൂനിറ്റിൽ 83.1204 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങിയതാണ്. 24.647 ദശലക്ഷം യൂനിറ്റാണ് ആകെ ആഭ്യന്തര ഉൽപാദനം. ജല വൈദ്യുതി പദ്ധതികളിൽ നിന്നുള്ള വൈദ്യുതി 22.6282 ദശലക്ഷം യൂനിറ്റാണ്. പീക്ക് സമയത്ത് ഉപയോഗിച്ച 5359 മെഗാവാട്ടിൽ ആഭ്യന്തര ഉൽപാദനം 1579 മെഗാവാട്ടാണ്. ഈ നിലയിൽ മുന്നോട്ടുപോയാൽ അടുത്ത ദിവസങ്ങളിൽ പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂനിറ്റിലേക്കെത്തുമെന്നാണ് സൂചന. അധികമായി ആവശ്യമുള്ള വൈദ്യുതി വാങ്ങുന്നതിനപ്പുറം ലോഡ് ഷെഡിങ് അടക്കമുള്ള നിയന്ത്രണത്തിലേക്ക് തൽക്കാലം പോകില്ല. അതേസമയം, പലയിടത്തും അപ്രഖ്യാപിത വൈദ്യുതി മുടക്കമുണ്ടാകുന്നെന്ന പരാതികളുണ്ടെങ്കിലും ഇത് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടോ ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മൂലമോ ആകാമെന്നാണ് ഔദ്യോഗിക വിശദീകരണം. വർധിച്ച ഉപയോഗത്തിന് വൈദ്യുതി നിയന്ത്രണം അല്ലെങ്കിൽ നിരക്കുവർധനയെന്ന പ്രതിവിധി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്നതിനോട് സർക്കാറിനും യോജിപ്പില്ല. 2022-23 വർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം ഏറ്റെടുത്ത് സർക്കാർ പണം കൈമാറിയതിനാൽ വൈദ്യുതി വാങ്ങലടക്കം തൽക്കാലിക ചെലവുകൾക്ക് തടസ്സമില്ലെന്ന ആശ്വാസം കെ.എസ്.ഇ.ബിക്കുണ്ട്. എന്നാൽ, അടുത്തമാസവും ഇതേ സാഹചര്യം തുടരുമെന്നതിനാൽ വൈദ്യുതിയുടെ ആവശ്യകത ഉയർന്നുതന്നെയാകും. ഇത്തവണ വേനൽക്കാല വൈദ്യുതി ക്ഷാമം നേരിടാനായി കെ.എസ്.ഇ.ബി ഹ്രസ്വകാല കരാറുകളിലേർപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.