സമ്മർദം ഏശിയില്ല, കേരള കോൺഗ്രസ്-എമ്മിന് കോട്ടയം മാത്രം
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്ന കേരള കോൺഗ്രസ്-എമ്മിന്റെ സമ്മർദം ഫലംകണ്ടില്ല. കോട്ടയം മാത്രമേ നൽകാനാകൂവെന്ന നിലപാട് എൽ.ഡി.എഫ് കൈക്കൊണ്ടതോടെ നേതൃത്വം അയഞ്ഞു. സി.പി.ഐക്ക് നാല് സീറ്റുകൾ നൽകുമ്പോൾ തങ്ങൾക്ക് കുറഞ്ഞത് രണ്ട് സീറ്റുകൾ വേണമെന്ന നിലപാടിലായിരുന്നു മാണി വിഭാഗം. കോട്ടയത്തിനുപുറമെ പത്തനംതിട്ടയും ഇടുക്കിയും കൂടിയാണ് അവർ ആവശ്യപ്പെട്ടത്.
എന്നാൽ, ഇതംഗീകരിക്കാൻ സി.പി.എം ഉൾപ്പെട്ട ഇടത് നേതൃത്വം തയാറായില്ല. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച കോട്ടയം സീറ്റ് നൽകാമെന്ന നിലപാടാണ് കൈക്കൊണ്ടത്. ഇതോടെ സി.പി.എമ്മിന് ഒരു സീറ്റ് കുറയും.
കോട്ടയംകൊണ്ട് തൽക്കാലം തൃപ്തിപ്പെടാനാണ് കേരള കോൺഗ്രസ്-എം തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 12ന് കേരള കോൺഗ്രസ്-എം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ഉച്ചക്ക് രണ്ടിന് കോട്ടയത്ത് ചേരുന്നുണ്ട്. അന്ന് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
നിലവിലെ എം.പി തോമസ് ചാഴികാടൻതന്നെ സ്ഥാനാർഥിയാകുമെന്ന് പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക ചർച്ചകളോ പ്രഖ്യാപനമോ ഉണ്ടായിട്ടില്ല.
ജോസ് കെ. മാണിയുടെ രാജ്യസഭ എം.പി സ്ഥാനം മറ്റൊരു സീറ്റ് ലഭിക്കാൻ കേരള കോൺഗ്രസ്-എമ്മിന് തടസ്സമായി. എൽ.ഡി.എഫിൽനിന്ന് സ്ഥിരം അവഗണന നേരിടേണ്ടിവരുന്നെന്ന പരാതി പാർട്ടിക്കുള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.