റെയിൽവെ സ്റ്റേഷനിൽ കൃത്യമായ അനൗൺസ്മെൻറ് ഇല്ല; യാത്രക്കാരുടെ കൂട്ടയോട്ടം
text_fieldsതിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് വിഭാഗം ക്രിയാത്മകമായി പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാരുടെ വ്യാപക പരാതി. ഒന്നിലധികം ട്രെയിനുകൾ ഒരേ ദിശയിലേയ്ക്ക് പുറപ്പെടുന്നവിധം പ്ലാറ്റ് ഫോമിൽ ഇടം പിടിച്ചാൽ ആദ്യം പുറപ്പെടുന്നത് ഏതാണെന്ന് അനൗൺസ് ചെയ്യണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ പരസ്യമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.
തിരുവനന്തപുരം സെൻട്രലിൽ അനൗൺസ്മെന്റ് പലപ്പോഴും പരസ്യങ്ങളിൽ മുങ്ങിപ്പോകുകയാണ്. കൃത്യമായ വിവരങ്ങൾ പലപ്പോഴും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപണം. വൈകീട്ട് പുനലൂർ പാസഞ്ചർ 5.35നും വഞ്ചിനാട് 05 45 നുമാണ് പുറപ്പെടുന്നത്. കന്യാകുമാരിയിൽ നിന്നെത്തുന്ന പുനലൂർ പാസഞ്ചർ വൈകിയാലും വഞ്ചിനാടിന് മിക്ക ദിവസങ്ങളിലും സിഗ്നൽ നൽകാറില്ല. പുനലൂർ എത്തിയശേഷം വഞ്ചിനാടിൽ ഇടം പിടിച്ചവരെ ഇളഭ്യരാക്കി ആദ്യം കൂകി പായാറുമുണ്ട്.
വ്യാഴാഴ്ച വൈകീട്ട് പുനലൂർ പാസഞ്ചർ 5.40 ന് എത്തിച്ചേരുമെന്ന് തുടർച്ചയായി വിളിച്ചു പറഞ്ഞു. ഒയുവിൽ 5.53 ന് എത്തിച്ചേർന്നു. 5.45 ന് പുറപ്പെടേണ്ട വഞ്ചിനാടിന് അതുവരെ സിഗ്നൽ ലഭിക്കാതിരുന്നതിനാൽ യാത്രക്കാർ പുനലൂർ പാസഞ്ചറിൽ മാറി കയറി. പെട്ടെന്ന് വഞ്ചിനാട് സിഗ്നലായി. അതോടെ യാത്രക്കാർ പുനലൂരിൽ നിന്ന് ഇറിങ്ങി വഞ്ചിനാടിന് പിറകെ ഓടാൻ തുടങ്ങി. ചിലരൊക്കെ വഞ്ചിനാടിൽ ചാടി കയറുകയും ചെയ്തു.
ആദ്യം പുറപ്പെടുന്നത് ഏതാണെന്ന ആശങ്ക മൂലം സ്ഥിരമായി സിഗ്നലും നോക്കി ഡോറിലും പ്ലാറ്റ് ഫോമിലും യാത്രക്കാർ തിരക്ക് കൂട്ടുന്നത് പതിവ് കാഴ്ചയാണ്. സ്ത്രീകളും പ്രായമായവരും ട്രെയിനു പിറകെ ഓടുന്നത് റെയിൽവേ ജീവനക്കാർ കണ്ടു രസിക്കുകയാണ്. പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയിലുള്ള യാത്രക്കാരുടെ മരണയോട്ടത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയാണ് ഇത് പരിഹരിക്കുന്നതിന് നടപടിയുണ്ടാവണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.