സ്കൂളുകളിൽ വേണ്ട ‘പി.ടി.എ ഭരണം’; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പി.ടി.എ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്.എം.സി) നടത്തുന്ന ഭരണം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പി.ടി.എകളും എസ്.എം.സികളും നിക്ഷിപ്തമായ അധികാരങ്ങൾക്കപ്പുറം അധ്യയന-ഭരണ കാര്യങ്ങളിൽ ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളും രക്ഷാകർതൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർഥികളെയും സഹായിക്കുക എന്നതാണ് പി.ടി.എകളുടെയും എസ്.എം.സികളുടെയും മുഖ്യകടമ.
2007-‘08 അധ്യയനവർഷം മുതൽ പ്രാബല്യത്തിലാകുംവിധം പി.ടി.എ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളിനാവശ്യമായ വിവിധ കാര്യങ്ങളുടെ നിർവഹണമാണ് മാർഗനിർദേശമായി നൽകിയിട്ടുള്ളത്. സ്കൂൾ ഉച്ചഭക്ഷണം/പ്രഭാതഭക്ഷണം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ് ഉൾപ്പെടെ ഇതിലുണ്ട്. പി.ടി.എ പ്രസിഡന്‍റിന്‍റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്. പി.ടി.എ അംഗത്വ ഫീസ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച പരാതികളും രക്ഷിതാക്കളിൽനിന്ന് ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.