അധികൃതർ അറിയാൻ: റേഷൻ കാർഡ് പോലും ഇല്ലാതെ ഇവർ ഇവിടെയുണ്ട്
text_fieldsകൊല്ലങ്കോട്: നാല്സെൻറ് കോളനിവാസികൾക്ക് റേഷൻകാർഡടക്കം രേഖകളൊന്നുമില്ല. രണ്ടു പതിറ്റാണ്ടായി പത്തിച്ചിറക്കടുത്ത ചുടുകാട്ടുവാരയിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമിയിൽ താമസിക്കുന്ന ഇവരുടെ ജീവിതം കണ്ണുനനയിക്കുന്നതാണ്. റേഷൻ കാർഡ്, റോഡ്, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഇവിടെ കേട്ടുകേൾവി മാത്രമാണ്.
13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ വസിക്കുന്ന കോളനിയിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി പഞ്ചായത്തിലും ജില്ല കലക്ടർക്കും കോളനിക്കാർ പരാതി നൽകിയെങ്കിലും താമസക്കാർ കൈയേറ്റക്കാരാണെന്നും കോളനി ഒഴിയണമെന്നുമുള്ള മുന്നറിയിപ്പ് നോട്ടീസാണ് 2012ൽ മുതലമട പഞ്ചായത്ത് നൽകിയത്. നിരവധി ഭവന പദ്ധതികൾ നിലനിൽക്കെ കോളനിവാസികൾക്ക് സൗജന്യമായി ഭൂമി അനുവദിക്കുവാൻ പഞ്ചായത്ത് തയാറായില്ലെന്ന് ഇവർ പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിൽ മൂന്ന്സെൻറ് അളന്ന് തിട്ടപ്പെടുത്തി പട്ടയം നൽകുമെന്ന് വാഗ്ദാനം നൽകുമെങ്കിലും വിജയിച്ചവർ കോളനിയിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് ചുടുകാട്ടുവാര കോളനിയിലെ അമ്മമാർ പറയുന്നു. തിരിച്ചറിയൽ കാർഡും ആധാർ കാർഡും രാഷ്ട്രീയ പാർട്ടികൾ തരപ്പെടുത്തി നൽകിെയങ്കിലും റേഷൻ കാർഡും രണ്ട് പതിറ്റാണ്ടിലധികം വസിക്കുന്ന കുടിലുകൾക്ക് താൽക്കാലിക നമ്പർ പോലും പഞ്ചായത്ത് അനുവദിച്ചില്ല.
പരിസരത്തുള്ള തോട്ട ഉടമയായ കണ്ണനാണ് കോളനിയിലെ കുടിലുകളിൽ വൈദ്യുതിയെത്തിക്കാൻ സഹായിച്ചത്. പുതിയ പഞ്ചായത്ത് ഭരണസമിതി കോളനിവാസികൾക്ക് പട്ടയം നൽകി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് കോളനിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.