കാര്‍ഡ് പുതുക്കാത്തവര്‍ക്കും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ക്കും ആറുമാസം റേഷനില്ല
text_fieldsതൃശൂര്‍: ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും കാര്‍ഡ് പുതുക്കല്‍ പ്രക്രിയ കാലയളവില്‍ താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ക്കും ആറുമാസം റേഷന്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. ഇക്കൂട്ടര്‍ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴില്‍ വന്നാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ അരി അടക്കം ലഭിക്കുകയുള്ളൂ.
ബയോമെട്രിക് രേഖ അടക്കമുള്ള കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ അന്ത്യോദയ, മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമപ്രകാരവും അല്ലാത്തവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച വിഹിതവും ലഭിക്കുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ പുതിയ സംവിധാനം നിലവില്‍ വന്ന ശേഷമേ തുടങ്ങുകയുള്ളൂ.
പുതിയ സംവിധാനത്തില്‍ പാകപ്പിഴ വന്നാല്‍ ഇക്കൂട്ടര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും. ഇതില്‍ത്തന്നെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ പകുതിവെച്ച് അവസാനിപ്പിച്ചവര്‍ അപേക്ഷ നല്‍കുന്നത് അടക്കം കാര്യങ്ങള്‍ ആദ്യം മുതല്‍ തുടങ്ങണം.
അപേക്ഷ പൂരിപ്പിച്ച് നല്‍കിയതിന് പിന്നാലെ 2015 ജനുവരിയില്‍ വിവിധ ക്യാമ്പുകളില്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോ പൊതുവിതരണ വകുപ്പ് സി-ഡിറ്റിന്‍െറ സഹായത്തോടെ എടുത്തിരുന്നു. ക്യാമ്പുകളില്‍ എത്താന്‍ കഴിയാതിരുന്നവര്‍ക്കും ഒരുലക്ഷത്തില്‍ അധികം ഉടമകളുടെ ഫോട്ടോ വകുപ്പില്‍നിന്ന് നഷ്ടമായ സാഹചര്യത്തിലും പ്രത്യേക ക്യാമ്പുകളില്‍ ഫോട്ടോ എടുത്തിരുന്നു. രണ്ട് ക്യാമ്പുകളിലും എത്താത്തവര്‍ക്കും അനുബന്ധ കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്കുമാണ് കാര്‍ഡ് വീണ്ടും പുതുക്കേണ്ടിവരുക.
ഇതിനായി നേരത്തേ നല്‍കിയ വന്‍ ചോദ്യാവലിയുള്ള അപേക്ഷ വീണ്ടും പൂരിപ്പിച്ചുനല്‍കി നടപടി ആദ്യമേ തുടങ്ങേണ്ടിവരും. ഇത് എന്ന് തുടങ്ങുമെന്ന് പറയാറായിട്ടില്ല. ഭക്ഷ്യഭദ്രതാ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് ഫെബ്രുവരിയില്‍ ഉടമകള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഇത്തരക്കാരെ പരിഗണിക്കുകയുള്ളൂ. ചെറിയ താലൂക്കുകളില്‍ വരെ റേഷന്‍ കാര്‍ഡ് പുതുക്കാത്ത ശരാശരി 3000 ഉടമകളെയാണ് ഇതുവരെ കണ്ടത്തൊനായത്.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ തുടങ്ങിയ 2014 മേയ് മുതല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും താലൂക്കുകളില്‍നിന്നും കാര്‍ഡുകള്‍ മാറ്റി പുതിയ താലൂക്കില്‍ ചേര്‍ന്നവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇക്കൂട്ടര്‍ക്ക് നല്‍കിയ താല്‍ക്കാലിക റേഷന്‍ കാര്‍ഡിന് പുതിയ നിയമത്തിന്‍െറ പശ്ചാത്തലത്തില്‍ അംഗീകാരമില്ല. ഇവരും ഭക്ഷ്യഭദ്രതാ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷ നല്‍കി ബയോമെട്രിക് കാര്‍ഡിനായി കാത്തിരിക്കേണ്ടി വരും.
ഇക്കൂട്ടരുടെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച വകുപ്പ് അപേക്ഷ നല്‍കിയിട്ടും ഭക്ഷ്യഭദ്രതാ നിയമത്തിന്‍െറ മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതിയ സംവിധാനത്തില്‍ കണ്ടത്തെിയ മൂന്നുലക്ഷം വ്യാജകാര്‍ഡുകള്‍ സംബന്ധിച്ചും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.