രേഖകളില്ല; ഗുരുവായൂർ ദേവസ്വം ആനകളുടെ ഉടമസ്ഥാവകാശം നിയമക്കുരുക്കിൽ
text_fieldsതൃശൂർ: ഗുരുവായൂർ ദേവസ്വം ഉപയോഗിക്കുന്ന ആനകളുടെ ഉടമസ്ഥാവകാശത്തിൽ നിയമക്കുരുക്ക്. ദേവസ്വത്തിന്റെ ഉടമസ്ഥതയിലെന്ന് അവകാശപ്പെടുന്ന ആനകളുടെ ഉടമസ്ഥാവകാശമാണ് ഹൈകോടതി തന്നെചോദ്യം ചെയ്തിരിക്കുന്നത്. 18 ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലെന്ന കണ്ടെത്തിയ കോടതി ഈ ആനകളെക്കുറിച്ച് വനംവകുപ്പിനും വിവരങ്ങളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ആനക്കോട്ടയിലെ ആനകളുടെ അവസ്ഥ ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തക നൽകിയ ഹരജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിശോധിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫിയ തോമസും അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. സ്ഥലപരിമിതി മൂലവും ഭക്ഷണം, മതിയായ ചികിത്സ എന്നിവ ലഭിക്കാതെയും ആനകൾ ദുരിതത്തിലാണെന്നാണ് ഹരജിക്കാരി ആരോപിച്ചിരുന്നത്.
ഇത് സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. ദേവസ്വം ആനക്കോട്ടയിലെ ആന പരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ കോടതി, ആനകളുടെ ഭക്ഷണ രജിസ്റ്റർ നിയമാനുസൃതമായല്ല സൂക്ഷിക്കുന്നതെന്നും വിഷയത്തിൽ സത്യവാങ്മൂലം നൽകണമെന്നും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയും ചെയ്തു.
2020ൽ ഒരുതവണ മാത്രമാണ് രജിസ്റ്ററിൽ ഓരോ ആനകൾക്കും നൽകിയ ഭക്ഷണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തെക്കുറിച്ച് രജിസ്റ്ററിൽ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കുന്നു. 2015ൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡിന് കീഴിലുള്ള ആനകളെ പുറത്തെ എഴുന്നള്ളിപ്പുകളിൽ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വന്യജീവി സംരക്ഷണനിയമപ്രകാരം ചട്ടവിരുദ്ധമായതിനാൽ ആനകളെ കാണിക്കയായി നടയിരുത്തുന്നത് നിരോധിക്കണമെന്നും 65 വയസ്സിന് മുകളിലുള്ള ആനകളെ വനംവകുപ്പിന് കൈമാറണമെന്നും പരിപാലന സൗകര്യമില്ലാത്തതിനാൽ ആനക്കോട്ടയുടെ വിസ്തൃതി ഉയർത്തണമെന്നും നിർദേശിച്ച് കേന്ദ്രമൃഗസംരക്ഷണ ബോർഡ് കോടതിക്കും ദേവസ്വത്തിനും റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.