ഇന്ധന നികുതി കുറക്കില്ല; നഷ്ടപരിഹാരം തരുമെങ്കിൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സമ്മതം - മന്ത്രി തോമസ് ഐസക്
text_fieldsആലപ്പുഴ: സംസ്ഥാന ഖജനാവ് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും ഇന്ധന നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്. വിലനിയന്ത്രിക്കാൻ തയാറാകാത്ത കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വില കുറക്കാൻ സംസ്ഥാനവും കേന്ദ്രവും ചേർന്ന് നികുതി കുറക്കുന്നത് ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു.
''നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഖജനാവ് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. അത്കൊണ്ട് നികുതി കുറക്കണമെന്ന ചിന്ത ഇപ്പോഴില്ല. കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. വില വര്‍ധനവിന്‍റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ. നിർമല സീതാരാമൻ ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത്. നികുതി ജി.എസ്.ടിയിലേക്ക് മാറ്റുന്നതിന് സംസ്ഥാനത്തിന് എതിർപ്പില്ല. പക്ഷേ, അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നൽകണം'' -മന്ത്രി പറഞ്ഞു.
പെട്രോൾ വില കുറക്കാൻ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 'സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണണം, വിഷമം പിടിച്ച അവസ്ഥയാണ് നില നിൽക്കുന്നത്' എന്നായിരുന്നു അവരുടെ പ്രതികരണം.
'പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്. നികുതി കുറക്കാൻ തനിക്ക് സംസ്ഥാനങ്ങളോട് നിർദേശിക്കാനാവില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത് എണ്ണ കമ്പനികളാണ്. അവർ തന്നെയാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്പനികളോട് വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരും. ഇതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല' - കേന്ദ്രമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.