ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്, മൂന്നരകിലോമീറ്ററാണ് നടന്നത്, പിന്നാലെ യുവതി പ്രസവിച്ചു
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ നിന്നുള്ള ദുരിത കഥകൾക്ക് കയ്യും കണക്കുമില്ല. ഏറ്റവുമൊടുവിലെത്തെതാണ് തുണി മഞ്ചലിൽ ചുമന്ന് ഗർഭിണിയെ ആശുപത്രിയിലെത്തിച്ച സംഭവം. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണീ ദുരിതം പേറേണ്ടി വന്നത്. അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമക്കുകയായിരുന്നു. കടുകമണ്ണ ഊരിലാണീ ദുരനുഭവം. ആശുപത്രിയിൽ എത്തിയതിനു പിന്നാലെ യുവതി പ്രസവിച്ചു.
കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്കെത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം.
രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ ലഭിച്ചില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസെത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിനെത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്നു. ഇത്തരം വിഷയങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.