സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം
text_fieldsഅമ്പലത്തറ: സുരക്ഷാപരിശോധനകളില്ലാതെ കാലപ്പഴക്കം ചെന്ന ഗ്യാസ് സിലണ്ടറുകളുടെ വിതരണം ജില്ലയില്‍ വ്യാപകം. അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം സിലണ്ടറുകളുടെ വിതരണത്തിന് തടയിടാന്‍ കഴിയാതെ അധികൃതരും. വീടുകളിലും ഹോട്ടലുകളിലും പലപ്പോഴും ഗ്യാസ് സിലണ്ടറുകളില്‍ നിന്നും തീപടരുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതിന്‍റെയും പ്രധാന കാരണം കാലപ്പഴക്കം ചെന്ന സിലണ്ടറുകളില്‍ ഗ്യാസ് നിറച്ച് ഉപയോഗിക്കുന്നതാണ്.
ഗാര്‍ഹിക, കമേഴ്സ്യല്‍ അവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സിലണ്ടറുകള്‍ നിശ്ചിത സമയങ്ങളില്‍ എയര്‍ടെസ്റ്റിങ്, ഹൈഡ്രോ ടൈസ്റ്റിങ് എന്നിവ നടത്തി അപകടരഹിതമാണെന്ന് ഉറപ്പാക്കണം. ശേഷമേ സിലിണ്ടറുകളില്‍ ഗ്യാസ് ഫില്ലിങ് നടത്താവൂയെന്നാണ് നിയമം. എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍പറത്തി വര്‍ഷങ്ങള്‍ പഴക്കമുള്ള തുരുമ്പിച്ച സിലണ്ടറുകളില്‍ ഗ്യാസ് ഫില്ലിങ് നടത്തിയാണ് ഏജന്‍സികള്‍ വിതരണം ചെയ്യുന്നത്. ഇത്തരം സിലിണ്ടുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് അമ്പലത്തറ ഭാഗത്ത് ഗ്യാസ് കുറ്റിയില്‍ നിന്ന് ബര്‍ണ്ണര്‍ ഇളകിത്തെറിച്ചത് ഇത്തരം അനാസ്ഥകളുടെ നേര്‍ക്കാഴ്ചയാണ്. വീടുകളില്‍ സിലിണ്ടര്‍ സ്റ്റൗവിൽ ഘടിപ്പിക്കുമ്പോള്‍തന്നെ ബര്‍ണറിന്‍റെ ഭാഗത്ത് നിന്നും ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് പലയിടത്തും പതിവ് കാഴ്ചയാണ്. വിവരം അറിയിക്കുന്നതോടെ ഏജന്‍സിയില്‍ നിന്ന് ജീവനക്കാര്‍ എത്തി സിലണ്ടറിലെ വാഷര്‍ മാറ്റി പുതിയവ ഇട്ട് തിരിച്ചുപോകും. കാലപ്പഴക്കം വരുന്ന സിലിണ്ടറുകളിലാണ് പലപ്പോഴും ലീക്ക് ഉണ്ടാകുന്നത്. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്നത് വലിയ അപകടങ്ങള്‍ക്ക് വരെ കാരണമാകുന്നു.
ഇതിന് പുറമേ കമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് വില കൂടിയത് കാരണം ഗാർഹിക സിലണ്ടറുകളിൽ നിന്നും കമേഴ്സ്യല്‍ സിലണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ഏജന്‍സികളിലെ ജീവനക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. ഗാർഹിക സിലണ്ടറുകളില്‍ നിന്നും കമേഴ്സ്യല്‍ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റുന്നതിന് പ്രത്യേക നോസ് ഉപയോഗിക്കുന്നു. ഇതുമൂലം വാല്‍വിന് വ്യതിയാനം സംഭവിക്കും. ഇത് പിന്നീട് അപകടങ്ങള്‍ക്ക് കാരണമാകും.
ഏത് സിലിണ്ടറും തൂക്കിനല്‍കണമെന്ന് നിയമം ഉണ്ടെങ്കിലും പല ഏജന്‍സികളില്‍ നിന്നും എത്തുന്നവര്‍ ഇതിന് തയാറാകുന്നില്ല. നിശ്ചിത അളവിനെക്കാള്‍ കുറഞ്ഞ തൂക്കമാണ് പലപ്പോഴും കിട്ടുന്നതെന്ന് ഉപഭോക്താക്കള്‍ തന്നെ പറയുന്നു. പൊലീസോ ഫയര്‍ഫോഴ്സോ സിവില്‍സപ്ലൈസോ കാലപ്പഴക്കം പരിശോധിക്കാനോ അളവുകള്‍ നോക്കാനോ തയാറാകുന്നില്ല.
നേരത്തെ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ മാറ്റുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ സിലിണ്ടറുകള്‍ പോലും വിതരണം നടക്കുകയാണ്. എങ്ങനെയെങ്കിലും സിലിണ്ടറുകള്‍ കിട്ടിയാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഫയര്‍സേഫ്റ്റിയുടെ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.