മൂന്ന് മാസമായി ശമ്പളമില്ല; പരാതിയുമായി സെക്യൂരിറ്റി ജീവനക്കാർ
text_fieldsകൊച്ചി: മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി സ്വകാര്യ ഏജൻസിക്ക് കീഴിലെ സെക്യൂരിറ്റി ജീവനക്കാർ. പെട്രോെനറ്റ് എൽ.എൻ.ജി ലിമിറ്റഡിലെ വനിത ജീവനക്കാരടക്കം 131 സെക്യൂരിറ്റി ജീവനക്കാരാണ് കരാർ ഏജൻസിയായ തണ്ടർ ഫോഴ്സ് ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.
ആഗസ്റ്റിൽ നിയമിക്കപ്പെട്ട തങ്ങൾക്ക് സെപ്റ്റംബറിനുശേഷം ശമ്പളം നൽകിയിട്ടില്ല. ആദ്യമാസം 14 ദിവസം ജോലി ചെയ്തതിെൻറ ശമ്പളം മൂന്ന് ഗഡുക്കളായാണ് നൽകിയതെന്നും അവർ പറഞ്ഞു. 4500 രൂപ വാങ്ങിയ ശേഷമാണ് നിയമിച്ചത്. ശേഷം പെട്രോനെറ്റ് എൽ.എൻ.ജിയിൽ എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഓരോരുത്തരിൽനിന്നും ഏജൻസി വീണ്ടും 10,000 രൂപ ആവശ്യപ്പെട്ടു.ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചതോടെ ശമ്പളം നിർത്തിവെച്ചു. ഇതേ ഏജൻസി കരാറെടുത്ത കളമശ്ശേരി എച്ച്.എം.ടിയിലും ശമ്പളം മുടങ്ങി. ബിൽ സമർപ്പിക്കുന്ന മുറക്ക് എച്ച്.എം.ടി പണം അനുവദിക്കുന്നുണ്ടെങ്കിലും ജീവനക്കാർക്ക് കിട്ടുന്നില്ലെന്നാണ് പരാതി.
അതേസമയം നിയമതടസ്സം കാരണം പെട്രോനെറ്റിൽനിന്ന് കൃത്യമായി പണം ലഭിക്കാതെ വന്നതാണ് കുടിശ്ശികക്ക് കാരണമെന്ന് തണ്ടർഫോഴ്സ് പ്രതിനിധി ഗിരീഷ് പ്രതികരിച്ചു. ഡിസംബറിലെ ശമ്പളം മാത്രമാണ് കൊടുക്കാനുള്ളത്. വൈദ്യപരിശോധനക്കുള്ള തുകയും എൻറോൾമെൻറ് ഫീസുമാണ് ആദ്യം വാങ്ങിയ 4500 രൂപ. യൂനിഫോമിനും അനുബന്ധ സാമഗ്രികൾക്കുമായാണ് 10,000 രൂപ ആവശ്യപ്പെട്ടത്. അടുത്ത ബുധനാഴ്ചത്തെ യോഗത്തിൽ പ്രശ്നം പരിഹരിക്കും. ജീവനക്കാരുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.