സാനിറ്റൈസറില്ല; എ.ടി.എമ്മുകൾക്ക് ആര് പിഴയിടും?
text_fieldsകൊല്ലം: ശുചീകരണസംവിധാനം ഒരുക്കാത്തതിന് സ്ഥാപനങ്ങൾക്കെതിരെ പിഴയിടുന്ന പൊലീസ് ബാങ്ക് എ.ടി.എമ്മുകളിലെ കോവിഡ് പ്രതിരോധപാളിച്ച കണ്ടില്ലെന്നുനടിക്കുന്നു. നൂറുകണക്കിനുപേർ ദിനംപ്രതി ഉപയോഗിക്കുന്ന എ.ടി.എമ്മുകളിൽ പലതിലും സാനിറ്റൈസർ ബോട്ടിലുകൾ കാലി. ബാങ്കിനോട് ചേർന്ന എ.ടി.എമ്മുകളിലൊഴികെ മറ്റൊന്നിലും സാനിറ്റൈസറുകൾ കൃത്യമായി നിറക്കുന്നില്ല.
എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് കോവിഡ് വ്യാപനത്തിന് സാധ്യതയേറെയാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ കണക്കെടുത്തപ്പോൾ ഉറവിടമാകാൻ സാധ്യതയുള്ളതായി എ.ടി.എമ്മുകളെ കണ്ടെത്തിയിരുന്നു. കോവിഡ് രോഗി സന്ദർശിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എ.ടി.എം കൗണ്ടർ അടപ്പിച്ച സംഭവവും ജില്ലയിലുണ്ടായി. ഈ സാഹചര്യം നിലനിൽെക്കയാണ് മതിയായ ശുചീകരണ സംവിധാനം ഒരുക്കാതെയുള്ള എ.ടി.എമ്മുകളുടെ പ്രവർത്തനം.
നൂറുകണക്കിനുപേർ ദിനംപ്രതി ഉപയോഗിക്കും എന്നതിനാൽ ദിവസവും ഇത് റീഫിൽ ചെയ്യേണ്ടതാണ്. പണം നിറക്കാൻ എത്തുമ്പോൾ മാത്രമാണ് ഇപ്പോൾ ബോട്ടിലുകൾ നിറച്ചുവെക്കുന്നത്. ഇതാകട്ടെ ദിവസം പൂർത്തിയാകും മുമ്പേ കാലിയാകും. ശങ്കേഴ്സ് ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എമ്മിൽ ദിവസങ്ങളായി ബോട്ടിൽ കാലിയാണ്.
എ.ടി.എമ്മുകളുടെ നടത്തിപ്പ് ഏജൻസികൾക്കായതിനാൽ ഇക്കാര്യത്തിൽ ബാങ്കുകളും കൈയൊഴിയുകയാണ്. മതിയായ ശുചീകരണസംവിധാനമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, എ.ടി.എമ്മുകളിൽ ഇത്തരം പരിശോധനകൾ ഒന്നും നടക്കുന്നില്ല. ഇക്കാര്യത്തിൽ ഇടപാടുകാരും ബാങ്കുകളിൽ അതൃപ്തി അറിയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.