സയൻസ് ബാച്ചില്ല: ഇവിടുത്തെ കുട്ടികൾക്ക് പഠിക്കേണ്ടെയെന്ന് എം.കെ. മുനീർ; യു.ഡി.എഫ് അനിശ്ചിതകാല സത്യഗ്രഹ സമരത്തിലേക്ക്
text_fieldsകോഴിക്കോട്: ഇവിടുത്തെ കുട്ടികൾ സയൻസ് പഠിക്കേണ്ടെന്നാണോ സർക്കാർ നിലപാടെന്ന് എം.കെ. മുനീർ എം.എൽ.എ. പുതുതായി അനുവദിച്ച ബാച്ചിൽ കൊമേഴ്സും ഹ്യൂമാനിറ്റീസും മാത്രമാണുള്ളത്. മലപ്പുറത്തും കോഴിക്കോടും സയൻസ് ബാച്ചില്ല. സർക്കാറിന്റെ ഈ നിലപാടിനെതിരെ ഡി.ഡി.ഇ ഓഫീസിൽ സത്യഗ്രഹമിരിക്കുമെന്ന് എം.കെ. മുനീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ ഓഫീസിന്റെ മുൻപിൽ ഈ മാസം 19ന് ഉച്ചമുതൽ സത്യഗ്രഹ സമരമിരിക്കാനാണ് തീരുമാനം.
പ്ലസ് വൺ പഠനം മലബാർ മേഖലയിൽ വലിയ പ്രതിസന്ധിയിലാണ്. ഈ വിഷയം നിരവധി തവണ സർക്കാറിന്റെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാറിപ്പോൾ പുതിയ ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, കാസർകോട് ജില്ലയിലുമാണ് പുതിയ ബാച്ചുകൾ അനുവദിച്ചത്. മലപ്പുറം ജില്ല ആവശ്യപ്പെട്ടത് പൂർണമായും ലഭിച്ചിട്ടില്ല. അവർക്ക് കൊടുത്ത കോഴ്സുകളാണെങ്കിൽ കൊമേഴ്സും ഹ്യൂമാനിറ്റീസും മാത്രമാണുള്ളത്. ഈ വിഷയം ഗൗരവത്തിൽ ഞാൻ സഭയിൽ അവതരിപ്പിച്ചതാണ്. ആ രണ്ടംഗ സമിതി കോഴിക്കോട് ജില്ലയിലും വന്ന് കുറവ് പരിശോധിക്കണമെന്നാണാവശ്യപ്പെട്ടത്. എന്റെ നിയമസഭാ പ്രസംഗത്തിൽ ഞാൻ കണക്കുകൾ അവതരിപ്പിച്ചുകൊണ്ടാണീ വിഷയം സംസാരിച്ചത്. ഇതിനുശേഷം എഴുതി തരണമെന്നാവശ്യപ്പെട്ടതുപ്രകാരം അതും മന്ത്രിക്ക് നൽകി. എന്നാൽ, നടപടിയുണ്ടായില്ല.
മലപ്പുറം ജില്ല കഴിഞ്ഞാൽ കോഴിക്കോടാണ് ഉപരിപഠനത്തിന് അവസരം കിട്ടാത്ത കുട്ടികൾ ഏറെയുള്ളത്. മന്ത്രി നേരത്തെ ഒരു പ്രശ്നവുമില്ലെന്നാണ് പറഞ്ഞത്. എന്നാൽ, പിന്നീട് മലപ്പുറത്തുൾപ്പെടെ രണ്ടംഗ സമിതി വന്നപ്പോഴാണ് കാര്യം മനസിലായത്. തെക്ക് ഭാഗത്തുള്ള പല സ്ഥാപനങ്ങളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അപ്പോൾ സാമ്പത്തിക ബാധ്യതയാണ് പറയുന്നു. കേരളീയം നടത്താൻ 18 കോടി രൂപ ചെലവാക്കിയല്ലോ?. വിദ്യാഭ്യാസത്തെ കുറിച്ച് നിങ്ങൾ സഭയിൽ ഗീർവാണം നടത്തുമ്പോൾ പുശ്ചമാണുള്ളതെന്നും മുനീർ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സത്യഗ്രഹ സമരം നടത്താനാണ് യു.ഡി.ഫ് തീരുമാനമെന്നും മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.