ഓണക്കിറ്റിൽ സേവനമില്ല, ഭക്ഷ്യവകുപ്പ് വീണ്ടും കോടതി കയറും
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്‍റെ ആവശ്യം തള്ളി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. മുൻകാലങ്ങളിലേതുപോലെ കിറ്റ് വിതണത്തിന് കമീഷൻ അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും അനുവദിക്കാത്ത പക്ഷം വീണ്ടും കോടതിയെ സമീപിക്കാനും തൃശൂരിൽ ചേർന്ന റേഷൻ സംഘടന യോഗം തീരുമാനിച്ചു. ഇതിനുപുറമെ നേരേത്ത സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത വകയിൽ വ്യാപാരികൾക്ക് ലഭിക്കേണ്ട 10 മാസത്തെ കമീഷൻ കുടിശ്ശിക ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഭക്ഷ്യവകുപ്പിനെതിരെ വീണ്ടും കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യാനും തീരുമാനമായി. 447 രൂപയുടെ ഓണക്കിറ്റാണ് കാർഡുടമകൾക്ക് ഇത്തവണ നൽകുന്നത്. ഇതിൽ 12 രൂപ തുണി സഞ്ചിക്കും 13 രൂപ ലോഡിങ് ട്രാൻസ്പോർട്ടിങ് ചാർജ് ഇനത്തിലുമാണ്. 12 രൂപ തുണിസഞ്ചിക്ക് നൽകുന്ന സർക്കാർ കിറ്റ് വിതരണത്തിന് കടമുറി വാടകക്ക് എടുക്കുന്ന വ്യാപാരികൾക്ക് കമീഷൻ അനുവദിക്കാത്തത് ഇരട്ടത്താപ്പാണെന്ന നിലപാടിലാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. സാധനങ്ങൾ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീൽ ചെയ്യുന്നതിനും കിറ്റുകൾ സൂക്ഷിക്കുന്നതിനും ഗോഡൗണുകൾക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാർജും ദിവസവേതന തൊഴിലാളികൾക്കുള്ള കൂലിയുമടക്കം കോടികളാണ് കിറ്റിന്‍റെ പേരിൽ ഭക്ഷ്യവകുപ്പ് ചെലവഴിക്കുന്നത്.
കിറ്റിന്‍റെ പേരിൽ മറ്റ് വിഭാഗങ്ങൾക്ക് കൂലി അനുവദിക്കുകയും എന്നാൽ റേഷൻ കടയുടമകൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ കമീഷൻ നിരസിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഹൈകോടതി ഭക്ഷ്യവകുപ്പിന് നേരേത്ത താക്കീത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 11 മാസത്തെ കമീഷൻ കുടിശ്ശികയിൽ 2021 േമയ് മാസത്തെ റേഷന്‍ കടകൾ വഴി വിതരണം ചെയ്ത 85,29,179 കിറ്റുകൾക്ക് അഞ്ച് രൂപ നിരക്കിൽ 4,26,45 895 രൂപ അനുവദിക്കാൻ ഈ മാസം മൂന്നിന് ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. ഇനിയും 47 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. ഓണക്കാലത്തെ കിറ്റ് വിതരണം സർക്കാറിന് സാമ്പത്തികബാധ്യതയാകാതിരിക്കാൻ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന നീല, വെള്ള കാർഡുകാരിൽ നിന്ന് 10 രൂപയെങ്കിലും ഈടാക്കണമെന്ന നിർദേശവും റേഷന്‍ സംഘടനകൾ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് മുന്നിൽ െവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.