കെ.എസ്.ആർ.ടി.സിയിൽ പ്രഖ്യാപനങ്ങൾക്ക് കുറവില്ല: ആറ് വർഷത്തിൽ ആകെ കിട്ടിയ ബസ് 101
text_fieldsതിരുവനന്തപുരം: ബൈപാസ് റൈഡറും സിറ്റി സർക്കുലറുമെന്നൊക്കെ പേരിട്ടും നിറം മാറ്റിയും പുതിയ സർവിസുകൾ പ്രഖ്യാപിക്കുമ്പോഴും കെ.എസ്.ആർ.ടി.സിയിൽ ബസ് ക്ഷാമം രൂക്ഷം. പ്രതിവർഷം 1000 പുതിയ ബസ് എന്നൊക്കെ ബജറ്റിൽ പ്രഖ്യാപിക്കുമെങ്കിലും ആറുവർഷത്തിനിടെ ആകെ വാങ്ങിയത് സി.എൻ.ജിയടക്കം 101 ബസാണ്. വി.എസ് സർക്കാറിന്റെ കാലത്ത് 3750 ഉം കഴിഞ്ഞ യു.ഡി.എഫ് കാലത്ത് 2800ഉം ബസ് നിരത്തലിറങ്ങിയ സാഹചര്യത്തിലാണിത്.
സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ദീർഘദൂര സൂപ്പർക്ലാസ് സർവിസുകൾക്ക് പുതിയ ബസാണ് ഉപയോഗിച്ചിരുന്നത്. അഞ്ചുവർഷം കഴിഞ്ഞാൽ ഇവയെ ഫാസ്റ്റ് പാസഞ്ചറും വീണ്ടും അഞ്ചുവർഷമായാൽ ഓർഡിനറിയുമാക്കും. ശബരിമല സീസണിൽ പുതിയ 100 ബസിറക്കുകയും മണ്ഡലകാലം കഴിയുന്ന മുറക്ക് മറ്റ് റൂട്ടുകളിലേക്ക് വിന്യസിക്കുകയും ചെയ്യുന്ന പതിവും നിലച്ചിട്ട് വർഷങ്ങളായി. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകളെല്ലാം പത്ത് വർഷം വരെ പഴക്കമുള്ളവയാണ്. ഇത്ര പഴക്കം യാത്രാസമയത്തെയടക്കം ബാധിക്കും.
ബൈപാസ് റൈഡറായി തരംമാറ്റിയിരിക്കുന്ന ബസും പുതിയവയല്ല. ഈ ബസിൽ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്താൻ 12 മണിക്കൂർ വരെ വേണമെന്നാണ് കണക്കാക്കുന്നത്. 9-10 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം-കോഴിക്കോട് ഓടിയെത്തുന്ന ബസ് ഉണ്ടായിരിക്കെയാണ് യാത്രാസമയം നീളുന്നത്. ബൈപാസ് കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണ് കെ.എസ്.ആർ.ടി.സി അവകാശവാദം. ബൈപാസ് വഴി ഓടുന്ന ബസുകളിൽ എത്രത്തോളം യാത്രക്കാരെ കിട്ടുമെന്നതിലും വ്യക്തതയില്ല. കഴിഞ്ഞദിവസം തിരുവനന്തപുരം-കോഴിക്കോട് ട്രയൽ റൺ നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാലഹരണപ്പെട്ടവ ഒഴിവാക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനുമായി 250 ബസ് വാടകക്കെടുക്കാനുളള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സി തന്നെ നിയോഗിക്കുന്ന ഡ്രൈ ലീസ് വ്യവസ്ഥയിലാണ് വാടകക്കെടുക്കുന്നത്. നേരത്തേ സ്കാനിയ അടക്കം ബസ് വാടകക്കെടുത്തിരുന്നെങ്കിലും ഡ്രൈവറെ ബസുടമയും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയുമാണ് നിയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.