എൻഡോസൾഫാൻ: കാൽനൂറ്റാണ്ടായിട്ടും പരിഹാരമില്ലാതെ... ഇനിയെന്ത്?
text_fieldsഎൻഡോസൾഫാൻ വിഷമഴയുടെ ദുരന്തമുഖം പുറത്തുവന്നിട്ട് കാൽനൂറ്റാണ്ടാവുകയാണ്. 'അര ജീവിതങ്ങളുടെ' ഭൂമികയായ കാസർകോട്ടെ ഇര ജീവിതങ്ങൾ സമാനതകളില്ലാത്ത ദുരിതങ്ങളുടെ കയങ്ങളിൽ നിന്ന് ഇന്നും കരകയറിയിട്ടില്ല. 'മാധ്യമം' ലേഖകൻ രവീന്ദ്രൻ രാവണേശ്വരം തയാറാക്കിയ പരമ്പര ...
'നാൽക്കാലി' മനുഷ്യരും രൂപവ്യതിയാനത്തോടെ പിറക്കുന്ന കുഞ്ഞുങ്ങളും അടക്കം 'അരജീവിതങ്ങളുടെ സ്വർഗമായിരുന്ന' കാസർകോട് പതിയെ മാറിവരുകയാണ്. എന്നാൽ, കാൽ നൂറ്റാണ്ടു മുമ്പുള്ള മനുഷ്യരുടെ ജീവിതത്തിനും നഷ്ടത്തിനും ഒരുമാറ്റവും ഇന്നും സംഭവിച്ചിട്ടില്ല. അന്ന് എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു: എൻഡോസൾഫാൻ വിഷമാണ്. അത് മനുഷ്യന് മനുഷ്യരൂപം നഷ്ടപ്പെടുത്തിയെന്ന കാര്യത്തിലായിരുന്നു ഈ അഭിപ്രായ ഐക്യം.
ലോകം, മാധ്യമങ്ങൾ, ജനപ്രതിനിധികൾ, മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ എന്നിങ്ങനെ ഇരകൾക്ക് ഐക്യദാർഢ്യവുമായി കാസർകോട്ടേക്കൊഴുകി. തെരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി നേതാക്കൾ ദുരിതമേഖലയിലേക്ക് പാഞ്ഞു. വാരിക്കോരി വാഗ്ദാനങ്ങൾ നൽകി.
ഇന്ന് സ്ഥിതി മാറുന്നു. എൻഡോസൾഫാൻ വിഷമല്ല, കാസർകോട്ടെ രോഗങ്ങൾക്ക് കാരണം മറ്റെന്തൊക്കെയോ ആണ്. അതിെൻറ പേരിൽ എഴുതപ്പെടുന്നത് അമർചിത്രകഥയാണ് എന്നിങ്ങനെ പോകുന്നു കാര്യങ്ങൾ. പറയുന്നത് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ പദവിയിൽ ഇരിക്കുന്നയാളും കൂടിയാകുേമ്പാൾ കീടനാശിനി കമ്പനി എല്ലാം വിഴുങ്ങിയെന്നു പറയുന്നതിൽ തെറ്റുണ്ടാകില്ല. അപ്പോഴും കണ്ണിനു മുന്നിലുടെ ഇഴഞ്ഞുനടക്കുന്ന മനുഷ്യരുടെ നിലവിളിക്ക് അറുതിയായിട്ടില്ല.
കാസർകോട്ടെ കശുമാവിൻ തോട്ടങ്ങളിൽ തേയിലക്കൊതുകുകളെ ഇല്ലാതാക്കാൻ ഹെലികോപ്ടർ മുഖേന തളിച്ച എൻഡോസൾഫാൻ കീടനാശിനിക്കെതിരെ നടത്തിയ പോരാട്ടം കാൽ നൂറ്റാണ്ടോടടുക്കുന്നു. 1998ൽ ആരംഭിച്ച എൻഡോസൾഫാൻ സമരം ആഗോളതലത്തിലുള്ള മനുഷ്യാവകാശ പോരാട്ടമായി വളർന്നു.
ലോകത്തുതന്നെ 120 രാജ്യങ്ങളിൽ ആ കീടനാശിനി നിരോധിച്ചു. ഭോപാൽ ദുരന്തത്തിനു സമാനമെന്ന് വിശേഷിപ്പിച്ച കീടനാശിനി ദുരന്തം ഇപ്പോഴും ആ അർഥത്തിൽ അംഗീകരിക്കാൻ തയാറാകാത്ത ഭരണകൂടങ്ങൾ ഇതുസംബന്ധിച്ചുള്ള മനുഷ്യാവകാശ കമീഷെൻറയും സുപ്രീംകോടതിയുടെയും വിധി എങ്ങനെ നടപ്പാക്കാതിരിക്കാമെന്ന രഹസ്യ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുകയാണ്.
കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് എൻഡോസൾഫാൻ മാരകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യമായി കോടതിയിലെത്തുന്നത്. 1998 ഒക്ടോബർ 18ന് ഹോസ്ദുർഗ് മുൻസിഫ് കോടതിയിൽ ലീലാകുമാരിയമ്മ, പെരിയയിൽ എൻഡോസൾഫാൻ തളിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തു. ഈ ഹരജിയുടെ അടിസ്ഥാനത്തിൽ, എൻഡോസൾഫാൻ തളിക്കുന്നത് നിർത്തണമെന്ന് താൽക്കാലിക വിധി പുറപ്പെടുവിച്ചു. 2000 ഒക്ടോബർ 18ന് ആ വിധി പൂർണമായി നടപ്പാക്കി. ഈ വിധി വലിയ സന്ദേശമായി.
വിധിയുടെ പിന്നാലെ 2001ൽ കാസർകോട് മുൻസിഫ് കോടതിയിൽ ഡോ. മോഹൻകുമാർ, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവർ ചേർന്ന് മുളിയാർ, ബോവിക്കാനമടക്കമുള്ള കാസർകോടൻ പ്രദേശങ്ങളിൽക്കൂടി എൻഡോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകി. അവിടെയും വിധി ബാധകമാക്കി. ഡോ. മോഹൻ കുമാർ 2001ൽ ഹൈകോടതിയിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ കേരളത്തിലാകെയും എൻഡോസൾഫാൻ നിരോധനം ഏർപ്പെടുത്തി.
അന്ന് യു.ഡി.എഫ് ഭരിക്കുന്ന കേരളത്തിൽ എ.കെ ആൻറണിയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ നിരോധനത്തിനുള്ള വിധിക്കെതിരെ പ്ലാേന്റഷൻ കോർപറേഷൻ ഹൈകോടതിയിൽ ഹരജി നൽകി. എറണാകുളത്തെ നാച്വർ ലവേഴ്സ് മൂവ്മെൻറ്, തിരുവനന്തപുരെത്ത 'തണൽ' എന്നിവരുടെ പിന്തുണയും ലഭിച്ചു.
2002ൽ എൻഡോസൾഫാൻ തളിക്കുന്നത് കേരള ഹൈകോടതി താൽക്കാലികമായി നിരോധിച്ചു. കാസർകോട്ടെ പ്ലാേന്റഷൻ കോർപറേഷൻ എസ്റ്റേറ്റുകളിൽ സൂക്ഷിച്ച 1500ഓളം ലിറ്റർ എൻഡോസൾഫാൻ ഹൈകോടതി ഉത്തരവ് പ്രകാരം ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. 2002 മുതൽ 2006 വരെയാണ് എൻഡോസൾഫാൻ തളി കോടതി ഇടപെടൽ മൂലം നിർത്തിച്ചത്.
2006ൽ കേന്ദ്ര സംഘത്തിെന്റ പഠന റിപ്പോർട്ട് പുറത്തുവരുകയും ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സർക്കാർ ഒരു സർക്കുലറിലൂടെ എൻഡോസൾഫാൻ തളി നിരോധിക്കുകയും ചെയ്തു. ഇതിനിടയിൽ ദുരിതങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കിക്കൊണ്ട് പഠനങ്ങൾ, ഡോക്യുെമൻററികൾ, ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിങ്ങനെ പരരന്നൊഴുകി. സാമൂഹിക സംഘടനങ്ങൾ ഇരകളെ സഹായിക്കാനും സർക്കാറിെൻറ കണ്ണുതുറപ്പിക്കാനും പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നു.
എം.എ. റഹ്മാെൻറ 'അരജീവിതങ്ങൾക്കൊരു സ്വർഗം' എന്ന ഡോക്യുമെന്ററി, അംബികാസുതൻ മാങ്ങാടിെൻറ എൻമകജെ, അമ്പലത്തറ കുഞ്ഞികൃഷ്ണെൻറ സമരമുറകൾ, വലിയ ചിറകുള്ള പക്ഷികൾ, അമീബ തുടങ്ങിയ സിനിമകൾ, അസംഖ്യം ലേഖനങ്ങൾ, സമാഹാരങ്ങൾ, കൃതികൾ എന്നിങ്ങനെ എൻഡോസൾഫാൻ വിഷയത്തെ സജീവമായി നിലനിർത്തി.
ദുരിതബാധിതർക്ക് സഹായം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്തു. മനുഷ്യാവകാശ കമീഷെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ 2011ൽ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ ഹരജി നൽകി. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇരകൾക്ക് ധനസഹായത്തിനായി പ്രത്യേക പാക്കേജും ചികിത്സയും പ്രഖ്യാപിച്ചു. എന്നിട്ട് ആ പാക്കേജിന് എന്തു സംഭവിച്ചു?
പരമ്പരയുടെ ബാക്കി ഭാഗങ്ങൾ വായിക്കാൻ
എൻഡോസൾഫാൻ സെല്ലുമില്ല, പാക്കേജുമില്ല; നിർദേശങ്ങളും നടപ്പാക്കിയില്ല - ഭാഗം രണ്ട്എൻഡോസൾഫാൻ പ്രശ്നം അമർചിത്രകഥയോ? - ഭാഗം മൂന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.