തൃപ്തിക്ക് പ്രത്യേക സൗകര്യം ഒരുക്കില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീർഥാടകർക്കുമുള്ള പരിരക്ഷ മാത്രമേ തൃപ്തിക്കും നൽകുകയുള്ളൂ. ഇതുസംബന്ധിച്ച് തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകേണ്ടതില്ലെന്ന് ഉന്നത പൊലീസ് യോഗം തീരുമാനിച്ചു. യുവതികൾക്ക് പ്രത്യേകം സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടില്ല. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ ആരാധന സ്വാതന്ത്യം ആകാമെന്നാണ് കോടതിവിധി.
അതിനാൽ തൃപ്തി ദേശായിയുടെ വാദങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നായിരുന്നു ശബരിമലയുടെ മുഖ്യസുരക്ഷ ചുമതലയുള്ള ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത് ഡി.ജി.പി ലോക്നാഥ് െബഹ്റയെ അറിയിച്ചത്. ശബരിമലയിൽ തൃപ്തിയും കൂട്ടരും എത്തിയാൽ അവർക്കൊപ്പം എല്ലാ സുരക്ഷയും നൽകി പൊലീസ് ഉണ്ടാകും. അനിൽകാന്തിെൻറ അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫിസും ഡി.ജി.പിയെ അറിയിച്ചത്. ജനപ്രതിനിധിയോ വി.ഐ.പിയോ അല്ലാത്ത തൃപ്തി ദേശായി മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ കാണിക്കുന്ന ‘അടവുകളോട്’ സംസ്ഥാന സർക്കാറോ പൊലീസോ കുടപിടിക്കേണ്ട കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.
ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാർക്കും സംസ്ഥാന പൊലീസ് മേധാവിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിൽ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്ക ടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ഈ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിക്ക് ഇ-മെയിൽ വഴി കൈമാറുകയായിരുന്നു. 33കാരിയായ തൃപ്തി ദേശായിക്കുപുറമേ, മനിഷ രാഹുൽ തിലേക്കർ (42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാർ (44), സവിത ജഗന്നാഥ് റാവുത്ത് (29), സംഗീത ധൊണ്ടിറാം ടൊനാപേ (42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.