അതിജീവിതരുടെ പുനരധിവാസ നടപടികൾക്ക് വേഗമില്ല -പി. മുജീബ് റഹ്മാൻ
text_fieldsമേപ്പാടി: മുണ്ടക്കൈ ഉരുൾദുരന്തം അഭിമുഖീകരിച്ച ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന നടപടികളിൽ വേഗം ഉണ്ടായിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. അതിജീവിതരുടെ പുനരധിവാസത്തിനുള്ള പീപ്ൾസ് ഫൗണ്ടേഷന്റെ 20 കോടി രൂപയുടെ ‘എറൈസ് മേപ്പാടി’ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാലു മാസത്തിനു ശേഷവും അടിസ്ഥാന ആവശ്യങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല. സാങ്കേതിക തടസ്സങ്ങൾക്കപ്പുറം മനുഷ്യത്വ സമീപനത്തോടെയുള്ള ദുരന്തനിവാരണ സംവിധാനം ഉണ്ടാവേണ്ടതുണ്ട്.
മലയാളി സമൂഹം ഒത്തൊരുമയോടെ നേരിട്ട ദുരന്തമാണ് മുണ്ടക്കൈയിലേത്. ലോകത്തിനുതന്നെ അതുല്യ മാതൃക കാണിച്ചവരാണ് നാം. വിവിധ എൻ.ജി.ഒകളുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. പ്രധാനമന്ത്രി വന്നു പോയെങ്കിലും അതിജീവിതരെ അവഗണിക്കുന്ന സമീപനമാണുണ്ടായത്. ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ പീപ്ൾസ് ഫൗണ്ടേഷൻ അതിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷതവഹിച്ചു. ദുരന്തബാധിതർ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നുണ്ടെന്ന് ഫൗണ്ടേഷൻ ഉറപ്പുവരുത്തുമെന്നും സർക്കാറും സന്നദ്ധ സംഘടനകളും ഒന്നിച്ചുനിന്നാൽ എളുപ്പത്തിൽ പുനരധിവാസം സാധ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട വീടുകൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ജീവനോപാധി എന്നിവ പുനഃസ്ഥാപിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദ്യാർഥികളുടെ തുടർപഠനത്തിന് സഹായങ്ങൾ നൽകുക, തൊഴിൽ ശേഷി വർധിപ്പിക്കുക, സ്വയംതൊഴിൽ സംരംഭങ്ങൾ, ക്ഷേമ പെൻഷൻ, കമ്യൂണിറ്റി സെന്റർ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സമർപ്പണം ചടങ്ങിൽ നടന്നു. പെൻഷൻ സ്കീം, വിദ്യാഭ്യാസ പദ്ധതി, കമ്യൂണിറ്റി ഹെൽത്ത് പ്രോജക്ട്, കമ്യൂണിറ്റി സെന്റർ, തൊഴിൽ പദ്ധതി, ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ, നൈപുണ്യ വികസനം, ഉപജീവന പുനഃസ്ഥാപന പദ്ധതി എന്നിവയുടെ സമർപ്പണം യഥാക്രമം ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, അസി. അമീർ എം.കെ. മുഹമ്മദലി, വയനാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജെ.എസ്.എസ് നിലമ്പൂർ ഡയറക്ടർ ഉമർ കോയ, പീപ്ൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് എന്നിവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.