ജീവനക്കാരില്ല: വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനിശ്ചിതത്വത്തിൽ
text_fieldsതൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിൽ സംസ്ഥാനത്തെ ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, അസിസ്റ്റൻറ് പ്രോവിഡൻറ് ഫണ്ട് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിൽ പകുതിയിലും ആളില്ല. സംസ്ഥാനത്താകെ ഇരുപതോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിനാൽ പല ജില്ലകളിലും ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റ നടപടികളിലും പ്രോവിഡൻറ് ഫണ്ട് അപേക്ഷകളിലും അധ്യാപകരുടെ നിയമനക്കാര്യങ്ങളിലും ഓഡിറ്റ് തടസ്സവാദങ്ങളിലും തീരുമാനം എടുക്കാനാവാത്ത സ്ഥിതിയാണ്. ഇതുമൂലം ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അക്കാദമിക കാര്യങ്ങളിൽ ശരിയായി ശ്രദ്ധിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാരുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കുന്നു.
മേയ് 31ന് ഉണ്ടായ വിരമിക്കൽ ഒഴിവിൽ ജൂൺ ഒന്നുമുതൽ ഈ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. അർഹമായ പ്രൊമോഷൻ ലഭിക്കാതെ പല ജീവനക്കാരും കഴിഞ്ഞ മാസങ്ങളിൽ വിരമിച്ചതായി പരാതി ഉയർന്നിരുന്നു.
എല്ലാ വർഷവും ഏപ്രിൽ 30ന് മുമ്പ് ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ പൂർത്തീകരിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നില്ല. വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിനുള്ള സർക്കുലർ ഇതുവരെ പുറപ്പെടുവിക്കുകയോ പ്രാരംഭ നടപടി ആരംഭിക്കുകയോ ചെയ്തിട്ടില്ല.
കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ കേസ് ഫയൽ ചെയ്തതിെൻറ ഫലമായി കഴിഞ്ഞവർഷം വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയെങ്കിലും നിരവധി പോരായ്മകൾ സംഭവിച്ചു. അപാകത പരിഹരിക്കുന്നതിനോ സോഫ്റ്റ്വെയർ പരിഷ്കരിക്കാനോ ബന്ധപ്പെട്ടവരിൽനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജി. ജയകുമാറും ജനറൽ സെക്രട്ടറി കെ.എസ്. മഹേഷ് കുമാറും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.