കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ ചടങ്ങിൽ സംസ്ഥാന പ്രതിനിധിയില്ല
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിൽ സംസ്ഥാനത്തിെൻറ പ്രതിനിധിയില്ല.
ഡിസംബർ 21ന് പെരിയ തേജസ്വിനിയിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ എന്നിവരാണ് പങ്കെടുക്കുന്നത്. സംസ്ഥാന മന്ത്രിമാരോ, സ്ഥലം എം.പി, എം.എൽ.എ എന്നിവരോ ഇല്ല. കേരളത്തിൽ നടക്കുന്ന രാഷ്ട്രപതിയുടെ ഏക ചടങ്ങിലാണ് ഈ സമീപനം. പ്രോട്ടോകോൾ പ്രകാരം സർവകലാശാലയുടെ ചടങ്ങിൽ അനൗചിത്യമില്ല. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നു കേരള സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നത് ആദ്യമായാണ്.
പ്രസിഡൻറിെൻറ പരിപാടി തീരുമാനിക്കുന്നത് സർവകലാശാലയാണ്. തീയതി ലഭിച്ചു കഴിഞ്ഞാൽ ഡയസ് പ്ലാൻ തയാറാക്കി രാഷ്ട്രപതിഭവനിലെ പ്രോട്ടോകോൾ വിഭാഗത്തിനു നൽകുന്നതും സർവകലാശാലയാണ്. ഇത് പരിശോധിച്ച് സംസ്ഥാന സർക്കാറിൽനിന്ന് പ്രതിനിധിയെ ആവശ്യപ്പെടേണ്ടത് രാഷ്ട്രപതിഭവനിൽ നിന്നാണ്.
ഡയസ് പ്ലാനിൽ സംസ്ഥാന പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സർവകലാശാലക്ക് ലഭിച്ച അറിയിപ്പിൽ സംസ്ഥാനത്തിെൻറ പ്രതിനിധിയില്ലെന്നും സർവകലാശാല വൃത്തങ്ങൾ വിശദീകരിച്ചു. കഴിഞ്ഞ തവണ കേന്ദ്രവാഴ്സിറ്റിയിൽ ഉപരാഷ്ട്രപതി വന്നപ്പോൾ സംസ്ഥാന പ്രതിനിധിയായി നിയോഗിക്കപ്പെട്ടത് അന്നത്തെ തുറമുഖം പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു. സംസ്ഥാന പ്രതിനിധിക്ക് ഇടം നൽകുന്നത് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സുതാര്യമാക്കുന്നതിെൻറ ഭാഗമാണ്.
'കേരളത്തിെൻറ പ്രതിനിധിയില്ലാത്തതിൽ പ്രോട്ടോകോൾ ലംഘനമില്ല, അതേസമയം പ്രസിഡൻറിനെ കേരളത്തിലേക്ക് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ഗവർണർ, ഡി.ജി.പി എന്നിവരുണ്ടായിരിക്കണമെന്നതാണ് പ്രോട്ടോകോൾ. അല്ലെങ്കിൽ ഇവരുടെ പ്രതിനിധിയുണ്ടായിരിക്കണം. അതുണ്ടാകും'-പ്രോട്ടോകോൾ ചുമതലയുള്ളവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.