കോവിഡ് കവർന്നു, കൗമാര കലോത്സവത്തെയും
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): സകല മേഖലയിലും താളപ്പിഴയുണ്ടാക്കിയ കോവിഡ് ഇത്തവണ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയായ കേരള സ്കൂൾ കലോത്സവത്തെയും കവർന്നു. ഈ വർഷം കൊല്ലത്ത് നടത്തേണ്ടിയിരുന്ന കലോത്സവം ഇല്ലാതായത് കൗമാരകലാപ്രതിഭകൾക്കെല്ലാം നിരാശയുണർത്തുന്നതായി. കഴിഞ്ഞവർഷം നവംബർ അവസാനത്തോടെ കാഞ്ഞങ്ങാടായിരുന്നു സംസ്ഥാന കലോത്സവം നടന്നത്. 1957ൽ ആരംഭിച്ച സ്കൂൾ കലോത്സവം 1966, '67, '72, '73 വർഷങ്ങളിൽ മുടങ്ങിയതൊഴിച്ചാൽ ഇത്തവണയാണ് പിന്നീട് ഇല്ലാതാവുന്നത്.
സംസ്ഥാന സ്കൂൾ യുവജനോത്സവമെന്നാണ് 2008വരെ അറിയപ്പെട്ടത്. 2009 മുതൽ കേരള സ്കൂൾ കലോത്സവമെന്നായി. സ്കൂൾ തലം, ഉപജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് കൗമാരമേള അരങ്ങേറുന്നത്. 1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്കൂളിലാണ് സംസ്ഥാന സ്കൂൾ യുവജനോത്സവം ഔദ്യോഗികമായി ആരംഭിച്ചത്. 1956ൽതന്നെ ഇതിന് തുടക്കം കുറിച്ചിരുന്നു. രണ്ടാമത് തിരുവനന്തപുരത്താണ് നടന്നത്. നാമമാത്ര മത്സരങ്ങളും കുറഞ്ഞ മത്സരാർഥികളുമായി ജനപങ്കാളിത്തമില്ലാതെ മുന്നോട്ടുനീങ്ങിയ മേളയുടെ മട്ടും ഭാവവും ക്രമേണ മാറി. നിറക്കാഴ്ചകളും വേറിട്ട മത്സരങ്ങളും കൂടുതൽ മത്സരാർഥികളെ രംഗത്തിറക്കിയതോടെ ജനകീയമേളയായി. കലാപ്രതിഭയും തിലകവുമെല്ലാം വന്നെങ്കിലും അവിടെയും പരിഷ്ക്കാരമുണ്ടായി. പിന്നീട് സ്വർണക്കപ്പും ഗ്രേഡുമൊക്കെ വന്നു.
മാറ്റങ്ങൾ ഉൾക്കൊണ്ട് ദിവസങ്ങളോളം വേദികളിൽനിന്ന് വേദികളിലേക്ക് പോയി മത്സരിക്കാൻ കൗമാര താരങ്ങൾ തയാറായപ്പോൾ നിരവധി പ്രതിഭകൾ പിറവികൊണ്ടു. സിനിമയിലും മറ്റു മേഖലകളിലും ഇവിടെ പിറന്ന താരങ്ങൾ ഇന്നുണ്ട്. ചില ഓൺലൈൻ മത്സരങ്ങൾ നാട്ടിൻപുറങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അതൊന്നും സ്കൂൾ കലോത്സവത്തിന് തുല്യമാവില്ല. ഇനി അടുത്തവർഷമുണ്ടാകും, വർണങ്ങൾ വാരിവിതറുന്ന നടന ചാരുതയുടെ കൗമാരമേളയെന്ന പ്രതീക്ഷയിലാണ് ഏവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.