സ്റ്റേയില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തുടരാം
text_fieldsകൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ നടപടികളിൽ ഇടപെടാതെ ഹൈകോടതി. ഗതാഗത കമീഷണറുടെ സർക്കുലർ പ്രകാരം നടപ്പാക്കുന്ന പരിഷ്കരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് അനുവദിച്ചില്ല.
സർക്കുലർ പ്രകാരം നടപ്പാക്കുന്ന നടപടികൾ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ ഉടമകളും തൊഴിലാളി സംഘടനയുമടക്കം നൽകിയ ഹരജികളിലാണ് ഉത്തരവ്. മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്നും ഉദ്യോഗസ്ഥ തലത്തിൽ സംസ്ഥാനത്ത് ഇറക്കുന്ന സർക്കുലർ നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
ടെസ്റ്റിന് കാൽപാദംകൊണ്ട് ഗിയറിടുന്ന ഇരുചക്രവാഹനം നിർബന്ധമാക്കൽ, ഇലക്ട്രിക്-ഓട്ടോമാറ്റിക് വാഹനങ്ങൾ അനുവദിക്കാതിരിക്കൽ, ടെസ്റ്റിന് 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങെളയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, 2013ൽ ഡ്രൈവിങ് സ്കൂളുകളുടെ നിലവാരം സംബന്ധിച്ച സർക്കുലറിനെതിരായ ഹരജികളിൽ ഗതാഗത കമീഷണറുടെ അധികാരം സംബന്ധിച്ച് ഇതേ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. കമീഷണറുടെ സർക്കുലർ അധികാര പരിധിക്കകത്തുനിന്നുള്ളതാണ്.
മോട്ടോർ വാഹന നിയമങ്ങളുടെ പ്രാഥമിക ലക്ഷ്യം പൊതുസുരക്ഷയാണ്. അതിനാൽ, ഡ്രൈവിങ് ടെസ്റ്റിെന്‍റ നിലവാരം ഉയർത്താനും അപകടസാധ്യത കുറക്കാനും ലക്ഷ്യമിട്ടുള്ള നടപടികൾ തടയാനാകില്ല.
കമീഷണറുടെ സർക്കുലർ പ്രകാരമുള്ള നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമല്ലെന്ന് മാത്രമല്ല, അവയോട് ചേർന്നുനിൽക്കുന്നതുമാണ്.വാഹന സാങ്കേതികവിദ്യയിലും എൻജിനീയറിങ്ങിലും വന്ന നൂതന പ്രവണതകൾ കൂടി കണക്കിലെടുത്താണ് പരിഷ്കരണ നിർദേശങ്ങൾ. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ അടിസ്ഥാന നിലവാരമുയർത്താൻ കേന്ദ്ര മോട്ടോർ വാഹന ചട്ടം 31ൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. അതിനാൽ, സർക്കുലർ പ്രകാരമുള്ള നടപടികൾ സംസ്ഥാനത്ത് തുടരാം. ലേണേഴ്സ് ടെസ്റ്റ് പാസായി കാത്തിരിക്കുന്നവർക്കും പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ബാധകമാണ്. അതിനാൽ പരിഷ്കരണ നടപടികൾ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി വിശദ വാദത്തിനായി മേയ് 21ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.