കെ.ടി.യു വി.സി നിയമനത്തിന് സ്റ്റേയില്ല; ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: സാങ്കേതിക സർവകലാശാല (കെ.ടി.യു) താൽക്കാലിക വൈസ് ചാൻസലറായി ഡോ. കെ. ശിവപ്രസാദിനെ ഗവർണർ കൂടിയായ ചാൻസലർ നിയമിച്ച നടപടിക്ക് സ്റ്റേയില്ല. സർക്കാർ നൽകിയ പാനൽ തള്ളി ശിവപ്രസാദിനെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിൽ ഉന്നയിച്ച ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിരസിച്ചത്. സർവകലാശാലയിൽ വൈസ് ചാൻസലറില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം തള്ളിയത്.
അതേസമയം, ചാൻസലർക്കും ഡോ. കെ. ശിവപ്രസാദിനും നോട്ടീസ് ഉത്തരവായ കോടതി ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറെ സർക്കാർ നൽകുന്ന പാനലിൽനിന്നാണ് നിയമിക്കേണ്ടതെന്നാണ് നിയമത്തിൽ പറയുന്നതെന്നും അതിന് വിരുദ്ധമായ ഗവർണറുടെ നടപടി തെറ്റാണെന്നുമാണ് ഹരജിയിൽ പറയുന്നത്.
എന്നാൽ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ചോദ്യം ചെയ്യുന്ന ഹരജിയിൽ വി.സി നിയമനകാര്യത്തിൽ സർക്കാർ ഇടപെടൽ തടയുന്ന ഉത്തരവാണ് ഉള്ളതെന്ന് ചാൻസലറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശിവപ്രസാദ് ചുമതലയേറ്റതായും അറിയിച്ചു.
സ്ഥിരം വി.സി നിയമനത്തിന് സർക്കാർ തടസ്സം നിൽക്കുന്നതിനാലാണ് താൽക്കാലിക വി.സി നിയമനം നടത്തിയതെന്നും വ്യക്തമാക്കി. തുടർന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്. ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്തും സർക്കാർ ഹരജി നൽകിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.