ശ്രീറാമിെൻറ ജാമ്യത്തിന് സ്റ്റേയില്ല; പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമെൻറ ജാമ്യത്തിന് ഹൈകോടതി അടിയന്തര സ്റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കോടതി ശ്രീറാമിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, കേസിൽ അലംഭാവം കാണിച്ച പൊലീസിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാമിെൻറ രക്തസാമ്പിള്‍ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
മദ്യത്തിെൻറ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിെൻറ ഉത്തരവാദിത്തമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാകുേമ്പാൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിലെത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാമ്പിൾ എടുത്ത് പരിശോധന നടത്തിയില്ലെന്നും കോടതി ചോദിച്ചു.
വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പൊലീസ് എന്തുകൊണ്ടാണ് തടയാതിരുന്നത്. ശ്രീറാമിനെതിരായ തെളിവുകൾ അയാൾ കൊണ്ടുവരുമെന്നാണോ പൊലീസ് കരുതിയത് എന്നും കോടതി വിമർശിച്ചു. ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സി.സി.ടി.വി ഇല്ലേയെന്നും കോടതി ആരാഞ്ഞു.
ശ്രീറാമിെൻറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശ്രീറാമിെൻറ പേരിൽ നരഹത്യകുറ്റം നിലനിൽക്കുന്നുണ്ടെന്നായിരുന്നു സർക്കാർ മറുപടി. എന്നാൽ നരഹത്യക്കുറ്റം നിലനിൽക്കുമെങ്കിലും ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാകില്ലെന്ന് കോടതി നിലപാടെടുത്തു.
കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയിൽ പറഞ്ഞു.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. എന്നാല്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.