കോവിഡ് മാർഗ നിർദേശം പാലിക്കാതെ സമരം പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾക്കുംമറ്റും വിലക്കേർപ്പെടുത്തണമെന്ന ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു. ഇക്കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു.
മറ്റ് പൗരൻമാരുടെ അവകാശം ഹനിച്ചുകൊണ്ട് സ്വന്തം അവകാശം സംരക്ഷിക്കാൻ പൗരൻമാർക്ക് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ പൗരൻമാരും സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിർബന്ധമായി പാലിക്കാൻ വേണ്ടിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മാർഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്. ഇത് ലംഘിക്കുന്നത് ശിക്ഷാർഹമാണെന്നും ഹൈകോടതി ഉത്തരവിൽപറയുന്നു.
സംസ്ഥാനത്ത് കണ്ടെയിന്‍മെന്‍റ് സോണുകൾ കൂടിവരികയാണെന്നും സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡും ഉണ്ടാകുന്ന സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിന്‍റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്നും ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചു.
സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തിലും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരങ്ങൾ നടക്കുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിൽ സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനത്തിന് ഇടയാക്കുമെന്നും ഹരജിക്കാർ സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.