ഏപ്രില്‍ മുതല്‍ കേരളത്തിന് പഞ്ചസാരയില്ലെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍െറ ഇരുട്ടടി. ഏപ്രില്‍ മുതല്‍ റേഷന്‍കടകള്‍ വഴി പഞ്ചസാര വിതരണം ചെയ്യാന്‍ കഴിയില്ളെന്നും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കില്ളെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നിലൂടെ പ്രതിമാസം 16 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാകുന്നത്. അതിനാല്‍ പഞ്ചസാരക്ക് നല്‍കിയിരുന്ന തുക ഏപ്രില്‍ മുതല്‍ അനുവദിക്കാനാവില്ളെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ മന്ത്രി പി. തിലോത്തമനെ അറിയിക്കുകയായിരുന്നു.
കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ ആറു സംസ്ഥാനങ്ങള്‍ക്കാണ് സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതിനായി 200 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇതു നേരത്തേ ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് പഞ്ചസാര വാങ്ങിയതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. കേരളത്തിന് മാത്രം ഏകദേശം 80 കോടിയോളം രൂപ ഈ ഇനത്തില്‍ കിട്ടാനുണ്ട്. പുതുതായി പഞ്ചസാര വാങ്ങുന്നതിന് കേന്ദ്രബജറ്റില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടില്ളെന്നും മന്ത്രി പി.തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്തിന് വേണമെങ്കില്‍ സ്വന്തം ചെലവില്‍ സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും കേരളം അതിന് മുതിരില്ല. 192 കോടിയുടെ അധിക ബാധ്യതയാകും ഇതിലൂടെയുണ്ടാവുക. ഭക്ഷ്യഭദ്രതാനിയമപ്രകാരം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി നിരക്കില്‍ അരി വിതരണം ചെയ്യുന്നത് വഴി 306.64 കോടിയുടെ അധികബാധ്യതയാണ് പ്രതിവര്‍ഷം സംസ്ഥാനത്തിനുള്ളത്.
അതിനാല്‍ പഞ്ചസാരയുടെ ബാധ്യതയും കൂട്ടി ഏറ്റെടുക്കാനാവില്ളെന്ന നിലപാടിലാണ് ധന വകുപ്പ്.
നിലവില്‍ പൊതുവിപണിയില്‍ ഒരു കിലോ പഞ്ചസാരക്ക് 44 രൂപക്ക് മുകളിലാണ് വില. ഇത് കിലോക്ക് 13.50 രൂപ നിരക്കിലാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. നേരത്തേ 97 ലക്ഷം ബി.പി.എല്‍ കാര്‍ഡുമകളില്‍ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരയാണ് നല്‍കിയിരുന്നത്. ഭക്ഷ്യഭദ്രതാനിയമം നിലവില്‍വന്നതോടെ മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരുടെ എണ്ണം 1.54 കോടിയായി ഉയര്‍ന്നു. ഇതോടെ 250 ഗ്രാം പഞ്ചസാരയാണ് റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഏപ്രിലോടുകൂടി ഇതും പൂര്‍ണമായും നിലക്കും.
പഞ്ചസാരക്ക് പുറമേ വെട്ടിക്കുറച്ച മണ്ണെണ്ണയും പുന:സ്ഥാപിക്കില്ളെന്ന നിലപാടിലാണ് കേന്ദ്രം. 26,660 കിലോ ലിറ്റര്‍ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 19,600 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. പാചകവാതകത്തിനും മണ്ണെണ്ണക്കും ഒരുപോലെ സബ്സിഡി അനുവദിക്കാന്‍ പറ്റില്ളെന്നാണ് കേന്ദ്ര നിലപാട്. മണ്ണെണ്ണ സബ്സിഡിയിലൂടെ 111 കോടിയുടെ അധികബാധ്യത ഉണ്ടാകുന്നതായും കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നു.
അതേസമയം, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ണെണ്ണ അധികം അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.