സംസ്ഥാനത്ത് ഈ അധ്യയനവർഷം സിലബസ് വെട്ടിച്ചുരുക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനായില്ലെങ്കിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിെൻറ പേരിൽ പാഠ്യപദ്ധതി വെട്ടിക്കുറക്കുന്നത് വിദ്യാർഥികളുടെ തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം. ഒാരോ ക്ലാസിലെയും പാഠ്യപദ്ധതി തൊട്ടുമുമ്പത്തെ ക്ലാസിെൻറ തുടർച്ചയും പരസ്പര ബന്ധിതവുമാണ്. ഹയർസെക്കൻഡറി പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെയുള്ള ഉപരിപഠനത്തെയും ബാധിക്കും. കോവിഡ് വ്യാപന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിർദേശം വരുന്നതിനനുസരിച്ച് സ്കൂൾ തുറക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. അതുവരെ നിലവിലുള്ള ഒാൺലൈൻ/ ഡിജിറ്റൽ പഠനരീതികൾ തുടരും. ഇൗ പഠനരീതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാനും എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദിെൻറ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. ആദിവാസി, പിന്നാക്ക മേഖലയിൽ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പുനൽകി. ഇതിന് പട്ടികവർഗവകുപ്പിെൻറ സഹായവും ഉറപ്പാക്കും.
പഠനപ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും പരിപാടി ആവിഷ്കരിക്കും. നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും. യോഗ, ഡ്രിൽ ക്ലാസുകളുടെ ഡിജിറ്റൽ സംപ്രേഷണവും കലാകായിക പഠനക്ലാസുകളും ആരംഭിക്കും. ഡി.എൽ.എഡ് വിദ്യാർഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തര മൂല്യനിർണയ സ്കോറുകൾ അന്തിമമാക്കാൻ നടപടി സ്വീകരിക്കും.
ഹയർസെക്കൻഡറിയുടെ ഇതുവരെ സംേപ്രഷണം ആരംഭിക്കാത്ത 30 ഓളം മൈനർ വിഷയങ്ങളുടെ ക്ലാസുകൾ ഉടൻ ആരംഭിക്കും. സ്കൂൾ തുറക്കുന്നമുറക്ക് കുട്ടികളുടെ പഠനവിടവ് നികത്താൻ പ്രത്യേക പരിപാടി നടപ്പാക്കും. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് പഠനസഹായിയായവർക്ക് ഷീറ്റുകൾ സമഗ്രശിക്ഷാ കേരള കുട്ടികളുടെ വീടുകളിൽ എത്തിച്ചുനൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു, ഡോ. ജെ. പ്രസാദ്, എ.പി. കുട്ടികൃഷ്ണൻ, കെ. അൻവർ സാദത്ത്, കെ.സി. ഹരികൃഷ്ണൻ, എൻ. ശ്രീകുമാർ, സി. പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഡോ.വി.പി. അബ്ദുൽ അസീസ് എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.