വിൽക്കുന്ന സ്വർണത്തിന്റെ 20 ശതമാനത്തിന് പോലും നികുതിയില്ല
text_fieldsതിരുവനന്തപുരം: ധനപ്രതിസന്ധിക്ക് കാരണമായി ധനമന്ത്രി ആവർത്തിക്കുന്ന വാദങ്ങളുടെ വസ്തുത നിരത്തിയും സർക്കാറിന്റെ കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടിയും അടിന്തര പ്രമേയാവതരണത്തിൽ റോജി എം. ജോൺ. റവന്യൂ ഡെഫിഷ്യൻസി ഗ്രാൻറ്, ജി.എസ്.ടി നഷ്ടപരിഹാരം, കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധി വെട്ടൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അടിയന്തര പ്രമേയം. റവന്യൂ ഡെഫിഷ്യൻസി ഗ്രാൻറ് ഇനത്തിൽ15 ാം ധന കമീഷൻ 53,137 കോടിയാണ് കേരളത്തിന് അനുവദിച്ചത്. അതേസമയം 14ാം കമീഷൻ കേരളത്തിനനുവദിച്ചത് 9,519 കോടിയായിരുന്നു. 15 ാം കമീഷൻ ആകെ 16 സ്ഥാനങ്ങൾക്കാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിച്ചത്. ഇത്തരത്തിൽ ആകെ അനുവദിച്ച 2.90 ലക്ഷം കോടിയിൽ പട്ടികയിലെ 16 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കിട്ടിയത് കേരളത്തിനാണ്. ആകെ ലഭിച്ച 53,137 കോടി ഓരോ വർഷവും ഘട്ടംഘട്ടമായി നൽകി തീർക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഒന്നാംവർഷം 11,000 കോടിയും രണ്ടാംവർഷം 20,000 കോടിയും മൂന്നാംവർഷം 13,000 കോടിയും കിട്ടി. 53,137ൽ ശേഷിക്കുന്ന തുകയേ ഇനി കിട്ടൂ. വസ്തുത ഇതാണെന്നിരിക്കെ കഴിഞ്ഞ വർഷത്തേക്കാൾ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വിഹിതം കഴിഞ്ഞ വർഷത്തേക്കാൾ കേന്ദ്രം കുറച്ചുവെന്നാണ് സർക്കാർ പ്രചാരണം. ഇത്രയുംതുക കിട്ടിയില്ലേ, ഇനി ഒന്നും ചെയ്യേണ്ടെന്ന മനോഭാവത്തിൽ എല്ലാവരെയും ജയിപ്പിക്കുമെന്നറിഞ്ഞ് ഒന്നും പഠിക്കാതിരിരുന്ന ഉഴപ്പന്റെ സമീപനമാണ് ധനവകുപ്പ് സ്വീകരിച്ചതെന്നും റോജി പറഞ്ഞു.
വിൽക്കുന്ന സ്വർണത്തിന്റെ 20 ശതമാനത്തിന് പോലും നികുതിയില്ല
ജി.എസ്.ടി വന്നത് അനുഗ്രഹമായി എന്ന് പറഞ്ഞത് മുൻ ധനമന്ത്രി തോമസ് ഐസക്കാണ്. 20 മുതൽ 30 ശതമാനം വരെ കിട്ടുമെന്നായിരുന്നു വാദം. എന്നാൽ ഈ 30 ശതമാനം മനസ്സിൽ ലഡു പൊട്ടിച്ച് സ്വപ്നം കണ്ടതല്ലാതെ ഇതിനുവേണ്ടി നികുതി വകുപ്പിൽ ചെയ്യേണ്ട ഒരു പരിഷ്കാരവും ചെയ്തില്ല. ജി.എസ്.ടി നഷ്ടപരിഹാരത്തിലായിരുന്നു പ്രതീക്ഷ.
അഞ്ച് വർഷം കൊണ്ടും ഇതും അവസാനിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത നിലയിലാണ്. ജി.എസ്.ടി തുടങ്ങിയ സമയത്ത് നടപ്പാക്കേണ്ട പുനഃസംഘടന നഷ്ടപരിഹാരം 5 വർഷത്തിനിപ്പുറം ഇപ്പോഴാണ് നടപ്പാക്കുന്നത്. ഇന്ത്യയിലേക്കെത്തുന്ന 800 ടൺ സ്വർണത്തിൽ 150 ടണ്ണും കേരളത്തിലാണ് വിൽക്കുന്നത്. ആകെ വിൽക്കുന്ന സ്വർണത്തിന്റെ 20 ശതമാനംപോലും നികുതിപരിധിയിൽ വരാതെ വെട്ടിക്കപ്പെടുകയാണെന്നും റോജി ചൂണ്ടിക്കാട്ടി.
കടമെടുപ്പ് പരിധി: പ്രതിപക്ഷം അന്നേ പറഞ്ഞു
കിഫ്ബി തുടങ്ങിയ സമയത്ത് തന്നെ ഇതിന്റെ വായ്പയെടുപ്പ് സംസ്ഥാനത്തെ പൊതുപരിധിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും സർക്കാർ മുഖവിലക്കെടുത്തില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളമില്ല, ജീവനക്കാർക്ക് ഡി.എ കുടിശ്ശിക, ഉച്ചക്കഞ്ഞി പ്രതിസന്ധി, പാചക തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ജനകീയ ഹോട്ടലുകൾ പൂട്ടൽ, ആശുപത്രികൾ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. ഇതെല്ലാം ചെയ്തിട്ടും തങ്ങൾ ഇടതുപക്ഷമാണെന്നാണ് ഇവർ പറയുന്നത്. ഇവർ വാസ്തവത്തിൽ തീവ്ര വലതുപക്ഷമാണ്. 86 ലക്ഷം പേർക്ക് കിറ്റ് കൊടുക്കാൻ പണമില്ലാത്ത സർക്കാറാണ് 80 ലക്ഷത്തിന് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതെന്നും റോജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.