ടെൻഡർ, ക്വട്ടേഷൻ നിയന്ത്രണങ്ങളില്ല; സർക്കാർ സേവനം നേരിട്ട് സ്റ്റാർട്ടപ്പുകൾക്ക് ഏറ്റെടുക്കാം
text_fieldsപാലക്കാട്: ടെൻഡർ, ക്വട്ടേഷൻ നിയന്ത്രണങ്ങളില്ലാതെ സർക്കാർ സേവനം നേരിട്ട് സ്റ്റാർട്ടപ്പുകൾക്ക് ഏറ്റെടുക്കാമെന്ന് വകുപ്പുകൾക്ക് സർക്കാർ നിർദേശം. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയത്തിലെ ഇളവുകളുടെ ഭാഗമാണിത്. നേരത്തേ ഐ.ടി സ്റ്റാർട്ടപ്പുകൾക്ക് ഈ ഇളവ് അനുവദിച്ചിരുന്നു.
ഇപ്പോഴാണ് ഐ.ടി ഇതര സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്തിയത്. ഇത്തരം കമ്പനികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയും സ്റ്റോർ പർച്ചേസ് വകുപ്പ് പുറത്തിറക്കി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഉൽപന്നങ്ങൾ നിർമിക്കുന്ന കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് അവസരം.
നൂറുകോടി രൂപയിൽ കവിയാത്ത ആസ്തിയുള്ള ഐ.ടി, നോൺ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 50 -300 ലക്ഷം വരെ ചെലവിലൊതുങ്ങുന്ന സേവന/ ഉൽപന്നങ്ങളെ വകുപ്പുകൾക്ക് പരിചയപ്പെടുത്താം.
തുടർന്ന് ‘പരിശോധന കാലയള’വിന് (ഡെമോ ഡേയ്സ്) ശേഷം പ്രത്യേക സമിതിയുടെയും വകുപ്പുകളുടെയും അംഗീകാരത്തോടെ അവർക്ക് കരാറിലേർപ്പെടാം. എന്നാൽ, നിലവിലെ ബിസിനസ് പുനരുജ്ജീവിപ്പിച്ച് തട്ടിക്കൂട്ടിയ കമ്പനികളെ ‘സ്റ്റാർട്ടപ്’ ഗണത്തിൽപ്പെടുത്താനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
താൽപര്യമുള്ള കമ്പനികൾക്ക് സ്റ്റാർട്ടപ് വിലയിരുത്തൽ സമിതി (സ്റ്റാർട്ടപ് പ്രൊക്യുർമെന്റ് കമ്മിറ്റി) മുമ്പാകെ പ്രോജക്ടുകളുടെ ചെറു അവതരണം നടത്താം. ഈ കടമ്പ കഴിഞ്ഞാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരള സ്റ്റാർട്ടപ് മിഷനുമായി കരാറിലേർപ്പെടാം.
ഒന്നിലധികം പേരുണ്ടെങ്കിൽ ലഘു ടെൻഡർ നടപടിക്രമം പാലിക്കേണ്ടിവന്നേക്കും. ഐ.ടി സെക്രട്ടറിയാണ് സ്റ്റാർട്ടപ് വിലയിരുത്തൽ സമിതി ചെയർമാൻ. കേരള സ്റ്റാർട്ടപ് മിഷൻ പ്രതിനിധി കൺവീനറുമാണ്. ഈ സമിതി പച്ചക്കൊടി വീശിയാലേ കരാറിലേർപ്പെടാനാകൂ.
മൂന്നു വർഷമാണ് കരാർ കാലാവധി. ഈ കാലയളവിൽ ഉൽപന്നം ലാഭകരമാണോ, ഗുണപ്രദമാണോ എന്ന് ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തണം. കരാർ തുകയുടെ 30 ശതമാനം ഒപ്പിടുമ്പോഴും സേവനം കൈമാറുമ്പോൾ 60 ശതമാനവും വാറന്റി കാലയളവിനു ശേഷം 10 ശതമാനവുമാണ് നൽകുക.
സേവനവ്യവസ്ഥകൾ തെറ്റിച്ചാൽ പിഴയുമുണ്ട്. 2017ൽ ഐ.ടി. നയം വന്ന ശേഷമാണ് കേരള സ്റ്റാർട്ടപ് മിഷൻ രൂപവത്കരിച്ചത്. 2018ലാണ് അഞ്ച് ലക്ഷത്തിൽ താഴെ വരുന്ന മൊബൈൽ ആപ്പുകൾ പോലുള്ള ഐ.ടി ബന്ധിത ഉൽപന്നങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.