സമൂഹമാധ്യമങ്ങളിൽ യുവാക്കളുടെ അനാവശ്യ കമന്‍റ് വേണ്ട -ഹൈകോടതി, മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കേസിലാണ് നിരീക്ഷണം
text_fieldsകൊച്ചി: സമൂഹമാധ്യമങ്ങളിൽ യുവാക്കൾ അനാവശ്യ കമന്‍റുകളിടുന്ന പ്രവണത ഒഴിവാക്കണമെന്ന് ഹൈകോടതി. സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ തൊടുപുഴ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകനായ തൊടുപുഴ സ്വദേശി അഖിൽ കൃഷ്‌ണൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ വിമർശനം.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പറയുന്നത് ചിലരുടെ വിനോദമായി. അവരെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. അവരുടെ പ്രായവും പദവിയും പരിഗണിക്കണം. ഈ കേസിലെ പ്രതിയായ ഹരജിക്കാരൻ 26 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിയാണ്.
70 വയസ്സ് പിന്നിട്ട മുഖ്യമന്ത്രിയെക്കുറിച്ച് ഫേസ്‌ബുക്കിലൂടെയാണ് അശ്ലീല പരാമർശം നടത്തിയത്. മുതിർന്നവരെ ബഹുമാനിക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രായമായവരെ ബഹുമാനിച്ചാൽ അവർ തിരിച്ചും ബഹുമാനിക്കുമെന്നും കോടതി പറഞ്ഞു. അപകീർത്തിപ്പെടുത്തുന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തതിന് ഹരജിക്കാരനെതിരെ കേസെടുത്തത് കോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.