റിക്രൂട്ട്മെന്റ് ബോർഡ് നോക്കുകുത്തി; കെയ്കോ മാനേജിങ് ഡയറക്ടറെ പുനർനിയമിക്കാൻ ചട്ടം ലംഘിച്ച് ശിപാർശ
text_fieldsകൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്കോ) മാനേജിങ് ഡയറക്ടർക്ക് ചട്ടം ലംഘിച്ച് പുറംവാതിലിലൂടെ കാലാവധി നീട്ടി നൽകാൻ സർക്കാർ നീക്കം. പൊതുമേഖല സ്ഥാപനങ്ങളിലെ എം.ഡിമാരടക്കം ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാൻ രൂപവത്കരിച്ച പബ്ലിക് സെക്ടർ സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി കൃഷിവകുപ്പ് സെക്രട്ടറിയാണ് നിലവിലെ മാനേജിങ് ഡയറക്ടർ പ്രതാപ്രാജിനെ തുടരാൻ അനുവദിക്കണമെന്ന് സർക്കാറിന് ശിപാർശ നൽകിയത്.
വാർഷിക ഓഡിറ്റ് നടക്കാത്ത സ്ഥാപനങ്ങളിലെ മേധാവികൾക്ക് കാലാവധി പുതുക്കി നൽകില്ലെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളപ്പോഴാണ് 2018-19 മുതലുള്ള വർഷങ്ങളിലെ ഓഡിറ്റ് പൂർത്തിയാക്കി നൽകിയിട്ടില്ലാത്ത അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ വഴിവിട്ട നീക്കം. കഴിഞ്ഞ തവണ ഇത് പരിഗണിക്കാതെ എം.ഡിയെ തുടരാൻ അനുവദിക്കുകയായിരുന്നു.
ഓഡിറ്റ് നടക്കാത്തത് ചൂണ്ടിക്കാട്ടി ഇത്തരം മേധാവികളെ അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ മീറ്റിങ്ങിൽ നിലപാട് കടുപ്പിച്ച കൃഷി വകുപ്പ് സെക്രട്ടറിയാണ് ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഇപ്പോൾ വീണ്ടും ശിപാർശ നൽകിയതെന്നതാണ് കൗതുകം. ചീഫ് സെക്രട്ടറിയുടെയും മറ്റും സർക്കുലർ മറികടന്നുമാണ് ശിപാർശ.
65 വയസ്സ് കഴിഞ്ഞവരെ എം.ഡി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിർദേശവും കണക്കിലെടുക്കാതെയാണ് മെയ്മാസം ഈ പ്രായം കടക്കുന്ന വ്യക്തിക്കുവേണ്ടി ഇത്തരത്തിൽ ചട്ടവിരുദ്ധമായ ഇടപെടൽ എന്നും പരാതിയുണ്ട്. റിക്രൂട്ട്മെന്റ് ബോർഡ് വഴിയായാൽ പ്രായപരിധി 62 വയസ്സാണ്. നിയമനം സംബന്ധിച്ച ഫയൽ (7949849/2024/AGRI(PU) നിലവിൽ കൃഷിമന്ത്രിയുടെ പരിഗണനയിലാണുള്ളത്.
രണ്ടുവർഷമായി പ്രതാപ്രാജാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ. സ്ഥാപനം ഗുരുതര പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിന് കൂടിയാണെന്നും ആരോപണമുണ്ട്. കാർഷിക ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വിത്തും വളവും വരെ വിൽക്കുന്ന കോർപറേഷൻ സ്ഥാപനങ്ങളിൽ വിറ്റുവരവ് ഇടിഞ്ഞതോടെ വിതരണക്കാർക്ക് ഒന്നരക്കോടി രൂപയിലധികം കുടിശ്ശികയാണ്.
ജീവനക്കാരുടെ ശമ്പളം നാലുമാസം വരെയാണ് കുടിശ്ശിക. യൂനിറ്റുകൾ തിരിച്ചും തവണകളായുമൊക്കെയാണ് ശമ്പള വിതരണം. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് രണ്ടുകോടി രൂപ അടക്കാനുണ്ട്. പിരിഞ്ഞുപോയവർക്ക് നൽകേണ്ട ഗ്രാറ്റ്വിറ്റി കുടിശ്ശിക മാത്രമുണ്ട് 01.90 കോടി. സർക്കാറിന്റെ കരാർ ജോലികൾ ടെൻഡർ കൂടാതെ ഏറ്റെടുത്ത് നടത്താൻ അനുമതി കിട്ടി വർഷം ഒന്നായിട്ടും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകാത്തതടക്കം കാരണങ്ങളും കോർപറേഷന് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.