അസാധു നോട്ട് മാറല്‍: തീയതി നീട്ടിയത് മലയാളി പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല
text_fieldsദുബൈ: അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈവശമുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച പുതിയ ഇളവ് ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല. കൈവശമുള്ള പഴയ 1000, 500 രൂപ കറന്‍സികള്‍ മാറ്റാനുള്ള സമയം പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നീട്ടിയെങ്കിലും മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫിസുകളിലൂടെ മാത്രമേ അത് സാധിക്കൂവെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നത്.
അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കി കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിലാണ് പ്രവാസികളുടെ ആവശ്യം പരിഗണിച്ച് നോട്ടു മാറ്റിനല്‍കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയതായി പ്രഖ്യാപനമുണ്ടായത്. ഈ ഇളവ് അല്‍പം ആശ്വാസമായെന്ന വിലയിരുത്തലിലായിരുന്നു ഗള്‍ഫിലടക്കമുള്ള മലയാളി പ്രവാസികള്‍. നേരത്തേ ഡിസംബര്‍ 30ന് മുമ്പ് അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന നിബന്ധന പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഒരാള്‍ക്ക് പരമാവധി 25,000 രൂപ മാത്രമേ മാറ്റാനാകൂ. അതിനായി വലിയൊരു തുക യാത്രക്കും മറ്റുമായി ചെലവാക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. അതിനുതന്നെ കടുത്ത നിബന്ധനകളാണ് നിശ്ചയിച്ചിട്ടുള്ളത്. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്തില്ലാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധു നോട്ടിന്‍െറ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും.
റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ ഈ ഫോറത്തോടൊപ്പം സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. നോട്ട് മാറാന്‍ അനുവദിച്ച സമയത്ത് നാട്ടില്‍ ഇല്ളെന്ന് തെളിയിക്കാന്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ടിന്‍െറ ഒറിജിനലും പകര്‍പ്പും കരുതണം. ഇന്ത്യയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെയും മുമ്പ് പണം മാറിയിട്ടില്ളെന്ന് തെളിയിക്കാന്‍ എല്ലാ അക്കൗണ്ടുകളുടെയും സ്റ്റേറ്റ്മെന്‍റ് ഹാജരാക്കണം. പാന്‍ കാര്‍ഡ് കോപ്പി അല്ളെങ്കില്‍ ഫോം 60 പൂരിപ്പിച്ചത് കൂടെവെക്കണം. ഇതെല്ലാം പരിശോധിച്ചശേഷമേ ഉപഭോക്താവിന്‍െറ കെ.വൈ.സി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കൂവെന്നും ഡിസംബര്‍ 31ന് ആര്‍.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ വിജയകുമാര്‍ ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു. തെറ്റായ വിവരം നല്‍കിയാല്‍ അര ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും.
തിരിച്ചുപോകുമ്പോള്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശംവെക്കുന്ന പതിവുണ്ട്. പരമാവധി 25,000 രൂപവരെയായി ലക്ഷക്കണക്കിന് പ്രവാസികളിലായി കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ മാറാന്‍ സാധിക്കാതെ കിടക്കുന്നത്. പലരും നാട്ടില്‍പോകുന്നവര്‍ വഴി കൊടുത്തയക്കുകയായിരുന്നു. അതിനും സാധിക്കാത്തവര്‍ക്ക് പണം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.