റവന്യൂ മന്ത്രിയുടെ എതിർപ്പിന് പുല്ലുവില; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ഭൂമി പാട്ടത്തിന്
text_fieldsആർ. സുനിൽ
കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ഭൂമി സ്വകാര്യ പാട്ടത്തിന് ഉറപ്പാണെന്ന് ഗതാഗത വകുപ്പിെൻറ ഫയൽ. വകുപ്പിൽ മാർച്ച് 19 വരെ ഇതുസംബന്ധിച്ച തുടർ നടപടി സ്വീകരിച്ചിരുന്നു. ഭൂമി സ്വകാര്യ വ്യക്തികൾക്കും നിക്ഷേപകർക്കും 30 മുതൽ 50 വർഷംവരെ പാട്ടത്തിന് നൽകാനുള്ള നീക്കത്തോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മാത്രമാണ് വിയോജിപ്പ് അറിയിച്ചത്. എന്നാൽ, ഇതിന് പുല്ലുവിലയാണ് ഗതാഗത വകുപ്പ് നൽകിയത്. കെ.എസ്.ആർ.ടി.സി വിലയ്ക്ക് വാങ്ങിയ ഭൂമി പാട്ടത്തിന് നൽകാനോ മറ്റ് തരത്തിൽ കൈയൊഴിയാനോ റവന്യൂ വകുപ്പിെൻറ അനുമതി വേണ്ട. അതേസമയം, കെ.എസ്.ആർ.ടിസിക്ക് സർക്കാർ പാട്ടത്തിനോ പതിച്ചോ നൽകിയ ഭൂമിയുടെ കാര്യത്തിൽ സ്ഥിതി അതല്ല.
എന്തെല്ലാം വ്യവസ്ഥകൾക്ക് വിധേയമായിട്ടാണോ പാട്ടത്തിനും പതിച്ചും നൽകിയത് അതനുസരിച്ച് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നായിരുന്നു റവന്യൂമന്ത്രിയുടെ അഭിപ്രായം. അതിനാൽ 30 മുതൽ 50 വർഷംവരെ കാലയളവിലേക്ക് സ്വകാര്യ നിക്ഷേപകർക്ക് പാട്ടത്തിന് നൽകുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പാട്ടത്തിന് നൽകുന്ന ഭൂമി അന്യാധീനപ്പെടുമെന്നും അതിനാൽ ശിപാർശ അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ഫയലിൽ കുറിച്ചു.
2020 ആഗസ്റ്റ് നാലിന് നടന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗത്തിലാണ് ഭൂമി പാട്ടത്തിന് നൽകുന്നത് ആദ്യം ചർച്ച ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിൽ വാണിജ്യ പ്രാധാന്യമുള്ള കണ്ണായ സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദവും കോർപറേഷന് വരുമാനം വർധിപ്പിക്കുന്ന തരത്തിൽ വിനിയോഗിക്കണമെന്നായിരുന്നു ആദ്യ നിർദേശം.
1950ലെ റോഡ് ട്രാസ്പോർട്ട് നിയമം വകുപ്പ് 19(2)(ബി) പ്രകാരം കെ.എസ്.ആർ.ടി.സിക്കുള്ള അധികാരം ഉപയോഗിച്ച് വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ പാട്ടത്തിന് നൽകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കിൻഫ്ര, ടെക്നോ പാർക്ക് തുടങ്ങിയവക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി അവർ മറുപാട്ടം നൽകുന്നുണ്ട്.
കെ.എസ്.ആർ.ടി.സിക്കും ഇക്കാര്യത്തിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. ഫിനാൻസ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപവത്കരിച്ച് ശിപാർശ സമർപ്പിക്കാനാണ് ഗതാഗതമന്ത്രി കുറിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അധികാരത്തിൽ വരുന്ന സർക്കാർ ഭൂമി പാട്ടത്തിന് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനു പിന്നിൽ കിഫ്ബിയുടെ പങ്കാണ് ഇനി പുറത്ത് വരാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.