വിദ്യാരംഭമില്ലാതെ നവരാത്രിക്കാലം
text_fieldsകോഴിക്കോട്: നിറപ്പകിട്ടാർന്ന ആഘോഷങ്ങളും നാവിൽ ആദ്യക്ഷരം കുറിക്കുന്ന എഴുത്തിനിരുത്തുമില്ലാതെ ഒരു നവരാത്രിക്കാലം. നവരാത്രി ഉത്സവങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നത് ആചാരങ്ങളിൽ മാത്രം ഒതുങ്ങിയാവും. ഏറ്റവും പ്രധാന ചടങ്ങായ വിജയദശമിദിനത്തിലെ വിദ്യാരംഭം ഇത്തവണ പ്രമുഖ സരസ്വതി ക്ഷേത്രങ്ങളിലുണ്ടാവില്ല.
കോവിഡ്കാലത്ത് കൊച്ചുകുട്ടികൾക്ക് നാവിൽ ആദ്യക്ഷരം കുറിക്കേണ്ടതിനാൽ വിദ്യാരംഭ ചടങ്ങ് വേണ്ടന്നാണ് മിക്ക ക്ഷേത്രങ്ങളുടെയും തീരുമാനം. ഓൺലൈൻ വഴി എഴുത്തിനിരുത്ത് ചടങ്ങുകൾ നടത്താനുള്ള സാധ്യതയും ക്ഷേത്രങ്ങൾ പരിശോധിക്കുന്നുണ്ട്.
ആയിരക്കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിക്കാനെത്തുന്ന തിരൂർ തുഞ്ചൻപറമ്പിൽ പുസ്തകപൂജ മാത്രമാണുള്ളത്. അതും കോവിഡ് പ്രോട്ടോകോളും നിരോധനാജ്ഞ നിയമങ്ങളും പാലിച്ചുമാത്രം. കേരളത്തിൽനിന്ന് നിരവധി പേരെത്തുന്ന കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകളും നടക്കാനിടയില്ല.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ജില്ല ഭരണകൂടം ചടങ്ങ് നടത്തരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, നവരാത്രിക്കാലത്തേക്കുള്ള മാർഗനിർദേശം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടില്ല.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള അമ്പലങ്ങൾക്ക് വിദ്യാരംഭം നടത്തരുതെന്ന് നിർദേശം നൽകി. പുസ്തകപൂജ ചില ക്ഷേത്രങ്ങളിലുണ്ടാകും. പുസ്തകങ്ങൾ അണുനശീകരണം നടത്തിയാകും അടച്ചുപൂജ നടത്തുക. പൂജക്കുശേഷം അണു നശീകരണം നടത്തി തിരിച്ചുനൽകും. നിലവിൽ കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രദർശനമുണ്ട്. തീർഥം നൽകുന്നില്ല. ചന്ദനം മാത്രമാണ് ശാന്തിക്കാർ ഭക്തർക്ക് നൽകുന്നത്. വഴിപാട് കഴിക്കുന്നുണ്ടെങ്കിലും വഴിപാട് പ്രസാദം പലയിടങ്ങളിലും കൊടുക്കുന്നില്ല.
തമിഴ് ബ്രാഹ്മണസമൂഹത്തിനിടയിൽ നവരാത്രിക്കാലത്ത് പതിവായ 'ബൊമ്മക്കൊലു' ഇത്തവണയും ഒരുക്കുന്നുണ്ട്. കോഴിക്കോട് തളിക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ 15 തട്ടുവരെ സജ്ജമാക്കിയിരുന്ന ബൊമ്മക്കൊലു ഇത്തവണ അൽപം മോടി കുറച്ചു. നവരാത്രിയിൽ സജീവമാകുന്ന സംഗീത, നൃത്തപരിപാടികളും നടത്തുന്നില്ല. അതേസമയം, നിശ്ചിത പ്രായത്തിനകം വിദ്യാരംഭം നടത്തണമെന്ന വിശ്വാസമുള്ളതിനാൽ വീടുകളിലെ മുതിർന്നവരുടെ മുന്നിൽ ആദ്യക്ഷരമെഴുതിക്കാൻ ഒരുങ്ങുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.