രണ്ടുമാസമായി വേതനമില്ല;റേഷൻ കടക്കാരെ പിഴിഞ്ഞ് സർക്കാർ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ അനാസ്ഥയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുംമൂലം കേരളത്തിലെ പതിനാലായിരത്തോളം റേഷൻ വ്യാപാരികളുടെ വേതനം മുടങ്ങിയിട്ട് രണ്ടുമാസം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകേണ്ട കമീഷനാണ് ഒക്ടോബർ ആദ്യവാരം പിന്നിട്ടിട്ടും അക്കൗണ്ടിലെത്താത്തത്. ജീവിതം പ്രതിസന്ധിയിലായതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് റേഷൻ സംഘടനകൾ.
ഓരോ മാസത്തെയും വിതരണം കഴിഞ്ഞുള്ള അഞ്ചാം പ്രവൃത്തിദിനത്തിനകം വേതനം നൽകണമെന്നാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ ഉത്തരവ്. എന്നാൽ, അടുത്ത മാസം പകുതിയോടെയാണ് തുക കിട്ടാറ്. ഈ തുകയിൽനിന്നാണ് അടുത്തമാസത്തേക്കുള്ള റേഷൻ സാധനങ്ങൾക്കുള്ള പണം വ്യാപാരികൾ കണ്ടെത്തുന്നത്. എന്നാൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കമീഷൻ മുടങ്ങിയതോടെ വൻ സാമ്പത്തികബാധ്യതയിലാണ് 14,157 റേഷൻ കടയുടമകളും.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഭക്ഷ്യധാന്യവിതരണം ചെയ്യുന്നതിന് കേന്ദ്രവും നീല, വെള്ള കാർഡുകാർക്കുള്ള വിതരണത്തിന് സംസ്ഥാന സർക്കാറുമാണ് കമീഷൻ നൽകേണ്ടത്. 93,94,821 കാർഡുടമകൾക്ക് രണ്ടുമാസത്തെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത വകയിൽ 28 കോടിയോളം രൂപ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകണം.
60,000 മുതൽ ലക്ഷങ്ങൾവരെ കുടിശ്ശിക നിൽക്കുമ്പോൾ ചുരുക്കം ചില കടകൾക്ക് ആഗസ്റ്റിലെ കമീഷനായി കിട്ടിയത് 1000 മുതൽ 2000 രൂപവരെയാണ്. ഒക്ടോബറിലെ റേഷൻ വിഹിതം ഡിപ്പോകളിൽനിന്ന് വിട്ടെടുക്കുന്നതിനുള്ള തുകപോലും നൽകിയിട്ടില്ല. പണം ലഭിക്കാതായതോടെ കടകളിലെ സെയിൽസ്മാന്മാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്.
വേതനം നൽകാതിരിക്കുമ്പോഴും ദ്രോഹിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. ആഗസ്റ്റിലെ ടൈഡ് ഓവർ ഭക്ഷ്യധാന്യത്തിന്റെ തുക അടച്ചില്ലെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയടക്കം തിരിച്ചുപിടിക്കുമെന്നും ശിക്ഷ നടപടി ഉണ്ടാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ ഭീഷണി.
നൽകാനുള്ള രണ്ടുമാസത്തെ വേതനത്തിൽനിന്ന് ഈ ഈ തുക പിടിച്ച് ഒക്ടോബറിലെ റേഷൻസാധനങ്ങൾ വിട്ടുനൽകണമെന്ന വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് തള്ളിയതോടെയാണ് വേതന കുടിശ്ശിക അടക്കം വിഷയങ്ങൾ ഉയർത്തി ഒക്ടോബർ 16ന് സെക്രട്ടേറിയറ്റ് മാർച്ച് അടക്കം സമരപരിപാടികൾ ആലോചിക്കുന്നത്.
16ന് കടകളടച്ച് സമരമെന്ന് റേഷൻ വ്യാപാരികൾ
കൊച്ചി: റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് 16ന് സംസ്ഥാനവ്യാപകമായി കടകളടച്ച് സെക്രേട്ടറിയറ്റ് പടിക്കൽ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വേതന പാക്കേജ് പരിഹരിക്കുക, മാസാന്തവേതനം തൊട്ടടുത്ത മാസം പത്താംതീയതിക്കുള്ളിൽ ലഭ്യമാക്കുക, കിറ്റ് കമീഷൻ നൽകാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.
കൺവീനർ അഡ്വ. ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, കുറ്റിയിൽ ശ്യാം, കെ.കെ. ഇസ്ഹാക്ക്, എൻ. ഷിജിർ, ഇ.ശ്രീജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.