വെള്ളവും വൈദ്യുതിയുമില്ല; കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി പ്രതിസന്ധിയിൽ
text_fieldsഅഗളി: അട്ടപ്പാടിയിലെ ആദിവാസികളടക്കമുള്ളവരുടെ ഏക ആശ്രയമായ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി വൈദ്യുതിയും വെള്ളവും മതിയായ ജീവനക്കാരുമില്ലാതെ പരാധീനതയിൽ.
35 ലക്ഷം വൈദ്യുതി കുടിശ്ശിക വന്നതിനെത്തുടർന്ന് ആശുപത്രി ഡോർമിറ്ററിയിലേക്കുള്ള വൈദ്യുതി വിതരണം കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചു. വിദൂര ആദിവാസി ഊരുകളിൽനിന്ന് ആശുപത്രിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന ആശുപത്രിയുടെ കാന്റീനും അടച്ചുപൂട്ടി. കാന്റീനിലേക്ക് വിറക് ഇറക്കിയതിന് ലക്ഷങ്ങളാണ് കുടിശ്ശികയുള്ളതെന്ന് ജീവനക്കാർ പറയുന്നു.
സ്പെഷാലിറ്റി സൗകര്യങ്ങളോടെ 100 കിടക്കയുള്ള ആശുപത്രി എന്നതാണ് സർക്കാർ ഭാഷ്യമെങ്കിലും 55 കിടക്കക്കുള്ള ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇതിൽതന്നെ പല പ്രധാന തസ്തികകളും ഒഴിഞ്ഞുകിടക്കുകയുമാണ്. ആശുപത്രിയിൽ സ്കാനിങ് മെഷീൻ ഉണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ റേഡിയോളജിസ്റ്റ് ഇല്ല. സ്പെഷാലിറ്റി ഡോക്ടർമാരുടെയും നഴ്സുമാർ അടക്കമുള്ള ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
സിവിൽ സപ്ലൈസ് കോർപറേഷന് കോടിയിലധികം തുക കുടിശ്ശിക വന്നതോടെ ആദിവാസി വിഭാഗത്തിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനായി തുടങ്ങിയ സാമൂഹിക അടുക്കള സംവിധാനവും നിലച്ചു. ഇതിനിടെ, ആശുപത്രിയിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടതായി രോഗികൾ പറയുന്നു. പുഴയിൽനിന്ന് ഫിൽറ്റർ സംവിധാനം ഇല്ലാതെയാണ് ആശുപത്രിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കനത്ത മഴയെത്തുടർന്ന് പുഴ കലങ്ങിയതോടെ പമ്പിങ് അവതാളത്തിലായി. ഇതേതുടർന്ന് ജലവിതരണം നിലക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.